കൽപ്പറ്റ: കഴുത്തിൽ ഷാൾ മുറുകി മധ്യവയസ്കൻ മരിച്ച കേസിൽ രണ്ടു മക്കൾ റിമാൻഡിൽ.
തെക്കുംതറ മാന്പിച്ച കോളനിയിലെ രാജന്റെ (61) മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതീഷ് (21), രതീഷ് (20) എന്നീ മക്കളെയാണ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നതു മക്കൾ തടയുന്നതിനിടെ കഴുത്തിലെ ഷാൾ മുറുകിയായിരുന്നു രാജന്റെ മരണം.
പിടിവലിക്കിടെ ഷാൾ കഴുത്തിൽ മുറുകി രാജൻ വീണു. മദ്യലഹരിയിൽ വീണതാണെന്നാണ് മക്കൾ കരുതിയത്. നേരം പുലർന്നിട്ടും രാജൻ എണീക്കാത്തിനെത്തുടർന്നു പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിൽ കുരുക്കു മുറുകിയതാണ് മരണകാരണമെന്നു തെളിഞ്ഞത്.
ഇതേത്തുടർന്നു പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതീഷും രതീഷും കുറ്റം സമ്മതിക്കുകയായിരുന്നു.