കൊച്ചി: ലിവ് – ഇന്‍ റിലേഷന്‍ഷിപ്പ് തകര്‍ന്നതോടെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ ദത്തു നല്കിയ കുഞ്ഞിനെ ഒരുമാസത്തിനകം തിരിച്ചു നല്കാന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
തൃശൂര്‍ സ്വദേശികൾ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് തീരുമാനം.
ദത്തെടുക്കല്‍ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി കുഞ്ഞിനെ മറ്റൊരു കുടുംബം ദത്തെടുത്ത നടപടിയും ഡിവിഷന് ബെഞ്ച് റദ്ദാക്കി.
തൃശൂര്‍ സ്വദേശികൾ 2018 ലെ പ്രളയസമയത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സ്നേഹത്തിലായത്.
വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹം കഴിക്കാതെ ഇരുവരും ഒരുമിച്ചു താമസം (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) ആരംഭിച്ചു. 2020 ഫെബ്രുവരി മൂന്നിന് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. പിന്നീട് ഇവരുടെ ബന്ധം തകര്‍ന്നു.
കുഞ്ഞിനെ നോക്കാനാവാത്ത അവസ്ഥയില്‍ യുവതി 2020 മേയ് എട്ടിന് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കരാറും ഒപ്പിട്ടു നല്കി.
കുഞ്ഞിനെ വിട്ടു നല്‍കിയെങ്കിലും സമിതിയുമായും കുഞ്ഞിനെ പാര്‍പ്പിച്ച സ്ഥാപനവുമായി യുവതി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഇതിനിടെ എറണാകുളം കുടുംബക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2021 ഫെബ്രുവരി രണ്ടിന് കുഞ്ഞിനെ ഒരു കുടുംബം ദത്തെടുത്തു.
പിന്നീടു യുവതിയും യുവാവും ഒന്നിക്കുകയും കുഞ്ഞിനെ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് 2021 ഫെബ്രുവരി പത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയുമായിരുന്നു.
ലിവ് – ഇന്‍ റിലേഷന്ഷിപ്പിലുണ്ടായ കുട്ടിയെ വിവാഹബന്ധത്തിലുള്ള കുട്ടിയായി കണക്കാക്കിയുള്ള നടപടിക്രമങ്ങൾ ശിശുക്ഷേമ സമിതി പാലിച്ചില്ലെന്നു വ്യക്തമാക്കിയാണു കുട്ടിയെ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയത്.
അമ്മ മാത്രം ഒപ്പിട്ടു നല്കിയ കരാര്‍ പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ പിതാവിനെക്കുറിച്ച് അന്വേഷിക്കേണ്ടിയിരുന്നെന്നും ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കുന്ന നടപടിക്രമങ്ങളാണ് ഇക്കാര്യത്തില്‍ പാലിക്കേണ്ടതെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.