തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഇ.കെ. നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. നായനാർ കൊണ്ടുവന്ന ഒരു നിയമത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണമെന്നും, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോള്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്. മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് കെ.ടി. ജലീല്‍ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും പുറത്താക്കണമെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് എന്ന് മനസിലാകുന്നില്ല. ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി വിജയന് അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.