കൊച്ചി: ലുലു ഗ്രൂപ്പിന്റെ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്നും നീക്കി. ഡല്‍ഹില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ എത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഹെലികോപ്റ്റല്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയത്.
രാത്രി പന്ത്രണ്ടോടെ ആരംഭിച്ച ജോലികള്‍ പുലര്‍ച്ചെ നാലോടെയാണ് അവസാനിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകള്‍ക്കും അനുമതിക്കും ശേഷമായിരുന്നു ഇത്. കോപ്റ്റര്‍ ഇടിച്ചിറങ്ങിയ ചതുപ്പ് നിലത്ത് മണല്‍ ചാക്കുകള്‍ നിറച്ചു ബലപ്പെടുത്തിയ ശേഷമായിരുന്നു ഉയര്‍ത്താനുള്ള നടപടി ക്രമങ്ങള്‍.
ഹെലികോപ്റ്ററിന്റെ ലീഫുകള്‍ അഴിച്ച ശേഷം വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ ചതുപ്പില്‍ നിന്ന് ഉയര്‍ത്തിയത്. തുടര്‍ന്ന് സമീപത്തെ ദേശീയിലെ ട്രെയിലറിലേക്ക് മാറ്റി റോഡ് മാര്‍ഗം നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയി.
സിയാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്ഥലത്തു ഉണ്ടായിരുന്നു. അപകട കാരണം സ്ഥിരീകരിക്കാന്‍ എവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു.
ഹെലികോപ്റ്റര്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള ആള്‍ക്കൂട്ടവും സ്ഥലത്തെ ഗതാഗത സ്തംഭനവും കണക്കിലെടുത്തു കൊണ്ടാണ് നടപടികള്‍ രാത്രിയിലേക്ക് മാറ്റിയത്.
പകല്‍ തന്നെ നീക്കാനുള്ള പ്രാരംഭ നീക്കങ്ങള്‍ നടത്തിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച സാങ്കേതിക വിദഗ്ധര്‍ എങ്ങനെ നീക്കം ചെയ്യണമെന്നും എന്നും ഹെലികോപ്റ്റര്‍ ഏത് രീതിയില്‍ ഉയര്‍ത്തി മാറ്റണം എന്നതും അടക്കമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനം ആക്കിയിരുന്നു.
ഇതിനു ശേഷം എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയാണ് സംഘം രാത്രി എത്തിയത്. കോപ്റ്റര്‍ ഇന്ന് വിദഗ്ധ സംഘം പരിശോധിക്കും.ഇന്നലെ രാവിലെ 8.30ഓടെയാണ് യൂസഫലിയും ഭാര്യയും രണ്ട് ജിവനക്കാരും രണ്ട് പൈലറ്റുമാരും അടങ്ങുന്ന ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്.
യുസഫലിയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നും ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.