കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡ് വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ റോഡിൽ തള്ളുകയാണ്.ഇറച്ചി കോഴി, കേറ്ററിംഗ് മാലിന്യങ്ങളാണ് പതിവായി ഇവിടങ്ങളിൽ നിക്ഷേപിക്കുന്നത്.
മാലിന്യങ്ങൾ തള്ളുന്നതു പതിവായതോടെ ഇവിടങ്ങളിൽ തെരുവു നായ ശല്യവും രൂക്ഷമായി. ബൈപ്പാസ് റോഡിൽ വെളിച്ചമില്ലാത്തതാണ് മാലിന്യം തള്ളാൻ സാമൂഹിക വിരുദ്ധർക്കു സഹായകമാകുന്നത്.
മാലിന്യങ്ങളിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധവും തെരവു നായകളുടെ ശല്യവും മൂലം ബൈപ്പാസ് റോഡിലൂടെയുള്ള പ്രഭാത സായാഹ്ന സവാരിക്കാരും പിൻമാറിയിരിക്കുകയാണ്. നാളുകൾക്കു മുന്പും ഇവിടെ മാലിന്യ നിക്ഷേപം പതിവായിരുന്നു.
ഇതോടെ നാട്ടുകാർ മുൻകൈയെടുത്ത് സ് ക്വാഡ് രൂപീകരിക്കുകയും പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കുകയും ചെയ്തു. ഇതോടെ മാലിന്യം തള്ളുന്ന സംഭവങ്ങൾ കുറയുകയും ചെയ്തു. തുടർന്നാണ് ബൈപ്പാസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
എന്നാൽ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി ലൈനുകൾ വലിച്ചതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല. തെരഞ്ഞെടുപ്പിനെ തുടർന്നു പോലീസ് പട്രോളിംഗ് കുറഞ്ഞതോടെയാണ് വീണ്ടും മാലിന്യങ്ങൾ തള്ളുന്നത്.
രൂക്ഷമായി ദുർഗന്ധം വമിക്കുന്നതോടെ ബൈപ്പാസ് റോഡിലൂടെ യാത്ര ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരെ പിടികൂടണമന്നും വഴിവിളക്കുകൾ ഉടൻ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.