ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ അഞ്ചു വയസുകാരി മകൾ ലൈംഗിക പീഡനത്തിന് ഇരയായെന്നുള്ള റിപ്പോർട്ട് വന്നതോടെ കേസ് പുതിയ ദിശയിലേക്ക്.
മെഡിക്കൽ ബോർഡിൽ നിന്നും റിപ്പോർട്ട് ഇന്നു ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ പോലീസ് ഏറ്റുവാങ്ങും. ഇതോടെ കുട്ടി ചൂഷത്തിനിരയായതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും.
സ്വകാര്യ ഭാഗങ്ങളിൽ മാരക ക്ഷതം
ചികിത്സ സംബന്ധിച്ച് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡാണ് പരിക്ക് സംബന്ധമായ വിദഗ്ധ പരിശോധന നടത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ ക്ഷതമേറ്റു.
മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലും കുടലിലുണ്ടായ മുറിവുകൾ ലൈംഗിക പീഡനം മൂലം ഉണ്ടായതാണ്. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അധ്യക്ഷതയിൽ ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളുടെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ചികിത്സയിൽ പ്രവേശിപ്പിച്ച സമയത്തുണ്ടായിരുന്ന പരിക്കുകൾ കുട്ടി സൈക്കിളിൽ നിന്നും വീണപ്പോൾ സംഭവിച്ചതല്ലെന്ന് കണ്ടെത്തി. കുട്ടിയുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൈ മുന്പ് ഒടിഞ്ഞിരുന്നു. കൈയിലും കാലിലും മുറിവ് ഉണങ്ങിയതിന്റെ പാടുകളുണ്ട്.
ദിവസങ്ങളോളം ആവശ്യത്തിനു ഭക്ഷണം നൽകിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അതിഥി തൊഴിലാളികളുടെ മകൾ പൂർണ ആരോഗ്യ സ്ഥിതിയിൽ എത്തിയതായും ബോർഡ് വിലയിരുത്തി.
അസം സ്വദേശികളും മൂവാറ്റുപുഴ പെരുമുറ്റത്തു വാടകയ്ക്ക് താമസിക്കുന്നവരുമായ ദന്പതികളുടെ കുട്ടിയാണ് കുട്ടികളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 27നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയറുവേദനയും വയറിളക്കവുമുണ്ടായതിനെ തുടർന്ന് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിരുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ മെഡിക്കൽ കോളജ് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
പോലീസ് കേസ് ഗൗരവമായി എടുത്തില്ല
അധികൃതർ കുട്ടിയുടെ സ്ഥിതി സംബന്ധിച്ചുള്ള വിവരം പോലീസിനു കൃത്യ സമയത്ത് അറിയിച്ചെങ്കിലും പോലീസ് സംഭവം ഗൗരവത്തിലെടുത്തില്ലെന്നുള്ള ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പീഡനം സംബന്ധിച്ചുള്ള റിപ്പോാർട്ട് വരുന്നത്.
കുട്ടിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയ വിവരം ഇന്നു മുവാറ്റുപുഴ പോലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അസം സ്വദേശികൾ മൂവാറ്റുപുഴയിൽ താമസിക്കുന്ന വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന തുരുന്പെടുത്ത സൈക്കിളിൽനിന്നു വീണതിനെ തുടർന്നാണ് കുട്ടിയ്ക്കു പരിക്കുകൾ പറ്റിയതെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം.
മുന്പും പീഡനത്തിനിരയായി
അഞ്ചു വയസുകാരി മുന്പും പീഡനത്തിനിരയായതിന്റെ തെളിവുകൾ കണ്ടെത്തി. ഇന്നലെ മെഡിക്കൽ ബോർഡിന്റെ പരിശോധനയിലാണ് തലയ്ക്കും വാരിയെല്ലിനും മുന്പ് പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
കൂടുതൽ പരിശോധന നടത്തുന്നതിനായി മെഡിക്കൽ ബോർഡ് കൂടി തിങ്കളാഴ്ച വിശദമായ പരിശോധന നടത്തും. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ മർദനത്തിനും കുട്ടി ഇരയായതായി സൂചനയുണ്ട്.
വെല്ലുവിളിയായി ഭാഷ
മൂവാറ്റുപുഴ: അസം സ്വദേശിനിയായ അഞ്ചുവയസുകാരി മൂവാറ്റുപുഴയിൽ നേരിട്ടതു ക്രൂരപീഡനം സംബന്ധിച്ച റിപ്പോർട്ട് ഇന്നു കൈമാറും. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മാരകമായി ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർ പോലീസിനു മൊഴി നല്കിയത്. ലൈംഗികപീഡനം നേരിട്ടതിന്റെ ഷോക്കിൽനിന്നു കുട്ടി ഇതുവരെ മുക്തയായിട്ടില്ല.
സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള ആയുധം കൊണ്ടുണ്ടായ മുറിവുകളാണുള്ളത്.കേസന്വേഷണത്തിൽ പോലീസിനു നേരിടുന്ന വലിയൊരു വെല്ലുവിളി ഇവരുടെ ഭാഷയാണ്. ആസാമിലെ പ്രാദേശിക ഭാഷയാണ് കുടുംബം സംസാരിക്കുന്നത്. ഇതു മനസിലാക്കാൻ പോലീസിനോ മറ്റുള്ളവർക്കോ സാധിക്കുന്നില്ല.
ദ്വിഭാഷിയെ കൊണ്ടുവന്നെങ്കിലും അതത്ര പ്രയോജനം ചെയ്തിട്ടുമില്ല.സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ സംഭവം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. ഇരുപക്ഷവും ചേരിതിരിഞ്ഞ് ഇൗ വിഷയത്തിൽ വാദപ്രതിവാദവും നടത്തിയിരുന്നു.
കുട്ടിക്ക് ക്രൂര പീഡനമേറ്റതായി സൂചന ഉണ്ടായിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ പറഞ്ഞു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം കഴിഞ്ഞ 28നാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
സ്കനിംഗിൽ കുടൽ പൊട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് പീഡനത്തിനിരയായതായി തിരിച്ചറിഞ്ഞതോടെ പോലീസിൽ വിവരം അറിയിച്ചിട്ടും കാര്യമായ അന്വേഷണത്തിൽ തയാറായില്ലെന്ന ആക്ഷേപം പോലീസിനെതിരേയും ഉയർന്നിരുന്നു.
നാലരവയസുകാരിക്കും സഹോദരിക്കും വയറിളക്കവും, വയറുവേദനയും ഉണ്ടായിട്ടാണ് മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.