തൊടുപുഴ: കുളമാവ് സ്വദേശിനി ലീലാമണിയുടെ ജീവിതം ഹരിതകർമസേനയ്ക്ക് പാഠപുസ്തകമാകുന്നു. അറക്കുളം പഞ്ചായത്തിലെ ആക്രിവ്യാപാരിയാണ് ഹരിതകർമസേനാംഗമായ കുളമാവ് ഇടീപ്പറന്പിൽ ലീലാമണി(54).
ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസുണ്ടെങ്കിലും വാഹനം വാങ്ങാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും ഒരു വാഹനം വാങ്ങി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തണം, കയറിക്കിടക്കാൻ വീടുണ്ടാക്കണം…
ഇതൊക്കെയാണ് ലീലാമണിയുടെ സ്വപ്നങ്ങൾ. അതിനായി തന്റെ ബാഗിൽ എപ്പോഴും കരുതുന്നത് 25 കിലോ ത്രാസ് മാത്രമാണ്. പിന്നെ കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസും.
അറക്കുളം പഞ്ചായത്തിലെ 12-ാം വാർഡിന്റെ ചുമതലയാണ് ലീലാമണിക്കുള്ളത്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രിസാധനങ്ങൾ വിലയ്ക്കെടുക്കുന്ന വ്യക്തിഗത കുടുംബശ്രീ സംരംഭം നടത്തുകയാണ് ഇവർ.
ഓരോ ഹരിതകർമ സേനാ യൂണിറ്റും കണ്സോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേർന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദേശമാണ് ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
തയ്യൽ അറിയാവുന്നതിനാൽ ടെയ്ലറിംഗ് ഷോപ്പാണ് ലീലാമണി സ്വപ്നം കണ്ടത്. ഇതിനായി വായ്പ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഈ നിരാശയിൽ കഴിയുന്നതിനിടെ സ്വന്തം വീട് പൊളിച്ച സാധനങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ പോയി. അപ്പോഴാണ് വീടുകളിൽ നിന്നും ആക്രി ശേഖരിച്ച് വിൽപ്പന നടത്തുകയെന്ന ആശയം ഉദിച്ചത്.
തുടർന്ന് ഹരിതകർമ സേന ശേഖരിക്കാത്ത സാധനങ്ങളെല്ലാം ഏറ്റെടുക്കാൻ അനുമതിയും ലഭിച്ചു. തൂക്കംനോക്കാൻ ത്രാസില്ലാത്തതിനാൽ ഉൗഹവില നൽകിയായിരുന്നു ആദ്യം ബിസിനസ്.
ഇത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസിലാക്കി 860 രൂപ മുടക്കി ത്രാസ് വാങ്ങി. അതോടെ വ്യാപാരം പച്ചപിടിച്ചു.
ആദ്യം സംശയത്തോടെ വീക്ഷിച്ച ആളുകൾ ഇടപാടുകളിലെ സത്യസന്ധത ബോധ്യപ്പെട്ടതോടെ ലീലാമണിയെ സ്നേഹത്തോടെ അംഗീകരിച്ചു.
പേപ്പറുകളും കളിപ്പാട്ടങ്ങളും പാട്ട, തകിട്, കേടായ ഗൃഹോപകരണങ്ങൾ തുടങ്ങിയ പാഴ് വസ്തുക്കളുമെല്ലാം അവർ ലീലാമണിക്കായി കരുതിവച്ചു.
കുന്നുംമലയും കയറി ആക്രി സാധനങ്ങൾ ശേഖരിച്ച് ചുമന്ന് റോഡിലെത്തിക്കുന്നതെല്ലാം തനിച്ചാണ്. പിന്നീട് ഓട്ടോ വിളിച്ച് ആക്രിക്കടയിലെത്തിക്കുന്നു.
ആരേയും ആശ്രയിക്കാതെ എല്ലാ ചെലവുകളും കഴിഞ്ഞ് 8,000 രൂപയോളം പ്രതിമാസം വരുമാനമുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്ന് ലീലാമണി പറഞ്ഞു.
ഈ ജോലി ആരംഭിച്ചിട്ട് എട്ടുമാസത്തോളമായി. ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും അഭിമാനത്തോടെ ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ടെന്ന് ലീലാമണി പറഞ്ഞു.