ചങ്ങനാശേരി: ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതികളെ പോലീസ് തെരയുന്നു. ഒന്നും രണ്ടും പ്രതികളായ തൃക്കൊടിത്താനം സ്വദേശികളായ ജിസ്, പ്രണവ് എന്നിവരെയാണ് ഈ കേസിൽ ഇനി പിടികൂടാനുള്ളത്.
ഈ കേസിൽ പാലത്തുങ്കൽ നോബിൻ ബൈജു(19), ചങ്ങനാശേരി ചെറുപുരയിടം അനൂപ്(19), നാലുകോടി സ്വദേശി സജിത്(20) എന്നിവരെ ഇന്നലെ തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
തൃക്കൊടിത്താനം കൊക്കോട്ടുചിറ സ്വദേശി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യമഹാ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
ബൈക്ക് മോഷണം പോയതറിഞ്ഞ് വീട്ടിലെത്തിയ ജോസഫിന്റെ മകനും കൂട്ടുകാരനുംകൂടി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ എത്തി പരാതി.
ഇതിനുശേഷം ഇവർ റോഡിലേക്കിറങ്ങിയപ്പോൾ മോഷ്ടിച്ച ബൈക്കിൽ നോബിനും അനൂപും സഞ്ചരിക്കുന്പോൾ ജോസഫിന്റെ മകന്റെയും സുഹൃത്തിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഇവർ മറ്റൊരു ബൈക്കിൽ മോഷ്ടാക്കളെ പിന്തുടർന്നു.
അമിത വേഗത്തിൽ ഓടിച്ചുപോയ മോഷ്ടാക്കൾ ഇരൂപ്പ കുന്നിൽവെച്ച് വേറൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനുശേഷം ബൈക്കിനു പുറകെ വന്ന കാറിൽ ഇടിച്ച് തെറിച്ചുവീണു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു.
പിന്നാലെയെത്തിയ തൃക്കൊടിത്താനം പോലീസും നാട്ടുകാരും ചേർന്ന് നോബിനെ പിടികൂടി. അനൂപ് ഓടി രക്ഷപ്പെട്ടു. നോബിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അനൂപിനേയും സജിത്തിനേയും പോലീസിനു പിടികൂടാൻ കഴിഞ്ഞത്.
തൃക്കൊടിത്താനം, നാലുകോടി, ചങ്ങനാശേരി ഉൾപ്പെടെ ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ ബൈക്കിലെത്തി വീട്ടമ്മമാരുടെ സ്വർണമാലയും ബാഗും തട്ടിപ്പറിച്ച കേസിലെ പ്രതികളാണ് പിടിയിലായതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫി, തൃക്കൊടിത്താനം എസ്എച്ച്ഒ എ. അജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.