കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. വിവാഹങ്ങളും ആഘോഷങ്ങളും റംസാൻ നോന്പും എത്തിയതോടെ വിലയും വിൽപനയും കൂടി.
ഗ്രാമങ്ങളിൽ 147 രൂപയ്ക്കാണ് ഇന്നലെ കോഴിക്കച്ചവടം നടന്നത്. ഇതേസമയം വടക്കൻ കേരളത്തിൽ കോഴി ഇറച്ചിവില ഇതിലും ഉയർന്ന നിരക്കിലാണ്.
സർക്കാർ നിയന്ത്രണത്തിൽ വിൽക്കുന്ന ചിക്കന് 220 രൂപയും എല്ല് നീക്കം ചെയ്തതിന് 305 രൂപയുമാണു വില. കോവിഡ് നിയന്ത്രണം വന്നാൽ വില ഇനിയും കൂടിയേക്കാം.
ഇറച്ചിക്കോഴി ഇതരസംസ്ഥാനങ്ങളിൽനിന്നും എത്താത്തതും ഉത്പാദനം കുറഞ്ഞതും വില ഉയരാൻ ഇടയാക്കിയതായി വ്യാപാരികൾ പറയുന്നു.
ലോക്ക്ഡൗണിൽ ഇറച്ചിക്കോഴി വളർത്തൽ സജീവമാകുകയും വില ഇടിയുകയും ചെയ്തിരുന്നു.
തുടർന്നു വില കുറഞ്ഞതോടെ വൻകിട ഫാമുകളിൽ കോഴി എണ്ണം കുറച്ചിരുന്നു. സീസണ് എത്തിയതോടെ കോഴിക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നു.
തമിഴ്നാട്ടിൽനിന്നുള്ള കോഴി വരവ് കുറഞ്ഞതും വില കൂടാൻ ഇടയാക്കി. 50 കിലോ കോഴിത്തീറ്റയ്ക്ക് 200 രൂപ വർധിച്ച് 1600 രൂപയിലെത്തി.
30 മുതൽ 40 രൂപയ്ക്കു വരെ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിനു 45 മുതൽ 60 രൂപ വരെയാണു നടപ്പു വില.
കുഞ്ഞിനും തീറ്റയ്ക്കും വില ഉയർന്നതും തൊഴിലാളികളുടെ ക്ഷാമവും ഫാമുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
ലോക്ക് ഡൗണിലും തെരഞ്ഞെടുപ്പു സീസണിലും മടങ്ങിയ അതിഥി തൊഴിലാളികൾ ഏറെയും തിരികെ എത്തിയിട്ടുമില്ല. ഇതിന്റെ തുടർച്ചയായി കോഴിക്കു ക്ഷാമം നേരിട്ടതാണു വില കൂടാൻ പ്രധാനകാരണമായി കച്ചവടക്കാർ പറയുന്നത്.