തമിഴിനു പുറമെ മലയാളത്തിലും നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് ഇരുവരും.
ഇപ്പോഴിതാ നിര്‍മ്മാതാവ് അപ്പച്ചന് എന്ന സ്വര്‍ഗചിത്ര അപ്പച്ചന് ഇരുവരെയും കുറിച്ചു പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധയമാകുന്നത്.
മലയാളത്തില്‍ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, അനിയത്തിപ്രാവ് തുടങ്ങി നിരവധി ഹിറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അപ്പച്ചന് തമിഴിലും വിജയ്യെ നായകനാക്കി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കില്‍ വിജയ്യും സൂര്യയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
തുടക്ക കാലത്ത് വിജയ്ക്ക് സൂര്യയേക്കാള്‍ അധികം പ്രതിഫലം നല്‍കിയിരുന്നുവെന്ന് അപ്പച്ചന് പറയുന്നു.
അനിയത്തിപ്രാവ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധായകന് ഫാസില്‍ ആയിരുന്നെങ്കിലും നിര്‍മാണം സ്വര്ഗചിത്രയായിരുന്നില്ല.
എന്നാല്‍ ആ സമയത്ത് ലൊക്കേഷനില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് അപ്പച്ചന് പറയുന്നു. ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയ്യുടെ പ്രതിഫലം.
പിന്നീട് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രണ്ട്സ് ഒരുക്കിയപ്പോള്‍ ഇളയദളപതിയുടെ ശമ്പളം മൂന്നുകോടിയായി കുതിച്ചുയര്‍ന്നു.
എന്നാല്‍ തന്നോടുള്ള സൗഹൃദത്തിന്റെ പേരില്‍ രണ്ടു കോടിക്ക് അഭിനയിക്കാന്‍ വിജയ് തയാറായി.
അതേചിത്രത്തില്‍ തന്നെ അഭിനയിച്ച സൂര്യയ്ക്ക് നല്കിയ പ്രതിഫലം അഞ്ചുലക്ഷം മാത്രമായിരുന്നു. അന്ന് സൂര്യ ഇന്നത്തെ പോലെ വിലപിടിപ്പുള്ള താരമായിരുന്നില്ല.
സൂര്യ അഭിനയിക്കുന്നത് അച്ഛനായ ശിവകുമാറിന് അല്പം പോലും താല്‍പര്യമില്ലായിരുന്നെന്നും അപ്പച്ചന് പറഞ്ഞു. -പിജി