കോഴിക്കോട്: കെ.ടി. ജലീലിന്റെ രാജി രാഷ്ട്രീയ ധാർമികതയുടെ പേരിലാണെന്ന വാദം തെറ്റെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജി വയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും ധാർമികതയുണ്ടായിരുന്നെങ്കിൽ ജലീൽ നേരത്തെ രാജി വയ്ക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ രക്തം ഊറ്റിക്കുടിക്കാൻ ആരും ശ്രമിച്ചില്ല. പൊതു ജനത്തിന്റെ നികുതി പണം ഊറ്റാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രി ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും മുഖ്യമന്ത്രി കൂട്ടുനിന്നു. ഇ.പി. ജയരാജന് ലഭിക്കാത്ത ആനുകൂല്യം ഇത്രയും കാലം ജലീലിന് കിട്ടി. മുഖ്യമന്ത്രിക്കും തെറ്റിൽ പങ്കുണ്ട്.
മുഖ്യമന്ത്രിയും കൂട്ടുപ്രതിയാണ്. ജലീൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. മുഖ്യമന്ത്രിയുടെ അടുത്ത നീക്കമറിയാൻ പൊതു ജനത്തിന് താൽപര്യമുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസ് വിജിലൻസിന് കൈമാറും. അഴിമതിയുമായി ബന്ധപ്പെട്ട കേസ് വിജിലൻസിന് കൈമാറാൻ മുഖ്യമന്ത്രി തയാറുണ്ടോ?.
യുഡിഎഫ് അധികാരത്തിൽ വന്നാൽ താൻ ജലീലിനെതിരെ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കും. ജലീലിന്റെ രാജി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കണ്ണൂർ ലോബിക്കേറ്റ തിരിച്ചടിയാണ്. രാജിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ രണ്ടഭിപ്രായമുണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു.