സ്വന്തം ലേഖകൻ
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ കെ.ടി. അദീബിനൊപ്പം ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഓഫീസ് അസിസ്റ്റന്റിനും നിയമനം നൽകി മന്ത്രി കെ.ടി. ജലീൽ.
അദീബിനൊപ്പം ജനറൽ മാനേജരുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുള്ള പി. മോഹനന് ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് നിയമനം നൽകിയത്.
നിയമ പ്രശ്നം ഉണ്ടാക്കാതിരിക്കാനായിരുന്നു നിയമനം. എന്നാൽ, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ എത്താൻ മോഹനന് താത്പര്യമുണ്ടായിരുന്നില്ല.
തുടർന്ന് ഇദ്ദേഹത്തിനു പകരമായാണ് ഓഫീസ് അസിസ്റ്റന്റായ വ്യക്തിക്ക് ഇതേ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്.
ഇതു വിവാദമായപ്പോൾ ഇദ്ദേഹത്തിന് എംബിഎ ഉള്ളതിനാലാണ് നിയമനം നൽകിയതെന്നായിരുന്നു കെ.ടി. ജലീലിന്റെ മറുപടി.
രണ്ടര വർഷത്തോളം നീണ്ട ബന്ധുനിയമന വിവാദത്തിന് ഒടുവിലാണ് ഇന്നലെ ജലീൽ രാജിവച്ചത്. മന്ത്രിപദവിക്കൊപ്പം വിവാദങ്ങളെയും അദ്ദേഹം ഒപ്പം കൂട്ടി.
തദ്ദേശ വകുപ്പു മന്ത്രിയായിരുന്ന ജലീലിന്റെ നടപടികൾക്കെതിരേ സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപന ഭരണ സമിതികൾ രംഗത്ത് എത്തിയതോടെയാണ് വകുപ്പുമാറ്റമുണ്ടായത്.
തുടർന്ന് പ്രഫ. സി. രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പിനെ മുറിച്ച് ഉന്നത വിദ്യാഭ്യാസം ജലീലിനു നൽകി. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടും കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസും ഇഡിയും ജലീലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
യുഎഇയിൽ നിന്നുള്ള മത ഗ്രന്ഥങ്ങൾ മന്ത്രി ജലീലിന്റെ അധീനതയിലുള്ള സി- ഡാക് വഴി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ജലീലിന്റെ മൊഴിയെടുത്തത്. രാത്രിയിൽ തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് എത്തിയ ജലീൽ ഏറെ നാൾ വാർത്തകളിൽ നിറഞ്ഞു നിന്നു.
പിന്നീട് അടുത്ത ഏജൻസിയുടെ ചോദ്യം ചെയ്യലിന് ജലീൽ പകൽ തന്നെയെത്തിയിരുന്നു. അന്നൊക്കെ സത്യം ജയിക്കും എന്നായിരുന്നു ജലീൽ ഏത് ചോദ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന മറുപടി.
ഒടുവിൽ ധാർമികത ഉയർത്തിപ്പിടിച്ചു രാജിവയ്ക്കുന്നുവെന്നു പ്രഖ്യാപിച്ചു ജലീൽ മന്ത്രിപദവി ഒഴിയുന്പോഴും അദ്ദേഹം ഉപയോഗിച്ച ധാർമികത എന്ന പദത്തിൽ ഊന്നിയാണ് പ്രതിപക്ഷം രാജിയെ വിവാദമാക്കുന്നത്.