സ്വന്തം ലേഖകൻ
തൃശൂർ: പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരത്തിൽനിന്നും കണിക്കൊന്നപ്പൂക്കൾ പറിച്ചെടുത്തു വിൽക്കുന്നവരെക്കൊണ്ട് നാടും നഗരവും നിറഞ്ഞപ്പോൾ പട്ടിക്കാട് സെന്ററിൽ ഒലീവിയ എന്ന രണ്ടാംക്ലാസുകാരി ഇന്നലെ കണിക്കൊന്ന വിറ്റഴിച്ചതു തന്റെ അയൽവാസിയുടെ ഡയാലിസിസിനു പണമുണ്ടാക്കാൻ.
ഓട്ടോറിക്ഷാ ഡ്രൈവറും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായ പല കൗതുകവാർത്തകളും ലോകത്തിനു മുന്നിൽ എത്തിച്ചയാളുമായ ജോബിയുടെ മകളാണ് ഒലീവിയ.
ജോബിയുടെ അയൽവാസി വൃക്കരോഗത്ത തു ടർന്നു ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
സാന്പത്തികമായി അദ്ദേഹത്തെ സഹായിക്കാനാണ് ജോബിയും മകളും വിഷുത്തലേന്നു കണിക്കൊന്ന വിറ്റ് ഒരു തുക സംഭരിക്കാൻ മുന്നിട്ടിറങ്ങിയത്.
പട്ടിക്കാടും പരിസരത്തുമുളള പറന്പുകളിൽ കയറിയിറങ്ങിയാണ് ഇവർ കൊന്നപ്പൂക്കൾ ശേഖരിച്ചത്.
വൈകുന്നേരംവരെ പൂക്കൾ വിറ്റ ശേഷം ലഭിച്ച പണം മുഴുവൻ ആ രോഗിക്കു വിഷുക്കൈനീട്ടമായി നൽകിയെന്നു ജോബിയും ഒലീവിയയും പറഞ്ഞു.
കൊന്നപ്പൂക്കൾക്കരികിൽ ഈ പൂക്കൾ വിറ്റുകിട്ടുന്ന പണം കിഡ്നി രോഗിക്കുള്ളതാണെന്ന് എഴുതിവച്ചിരുന്നു. ഇതു കണ്ട് പലരും ഈ കുട്ടിയിൽനിന്നും കണിക്കൊന്നപ്പൂക്കൾ വാങ്ങി.