കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം.
രോഗലക്ഷണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്തുവെന്നും വോട്ട് ചെയ്യാന്‍ എത്തിയെന്നും കോവിഡ് മുക്തനായ ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയത് ആഘോഷമാക്കിയെന്നുമാണ് ആരോപണം.
ഇതോടെ കേന്ദ്രമന്ത്രി വി. മുരളീധരനുള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി.
ഈ മാസം നാലു മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെയാണ് വിവാദവും ഉയര്‍ന്നത്.
കുടുംബാംഗംങ്ങള്‍ കോവിഡ് ബാധിതരായതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന വൈകി?
എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതായാണ് വിവരം.
നാലിന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രി പരിശോധന നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന നടത്താന്‍ എട്ടുവരെ കാത്തിരുന്നവെന്നാണ് പറയുന്നത്.
കണക്കിൽ എന്തോ തകരാറ്!
ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിന് ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് പരിശോധന നടത്തണമെന്നാണ് പ്രോട്ടോക്കോള്‍.
മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിന് ശേഷം ഇന്നലെ വീണ്ടും പരിശോധന നടത്തിയതെന്നും ഈ പരിശോധനയില്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടതെന്നുമാണ് പറയുന്നത്.
ജാഗ്രത മറന്നുവെന്ന് ആരോപണം
രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയതും രോഗമുക്തനായ ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുള്ള മടക്കത്തിലും മുഖ്യമന്ത്രി ജാഗ്രതപാലിച്ചില്ലെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണം.
കോവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമാണ്. ഇത് ലംഘിച്ചുകൊണ്ടാണ് ഇന്നലെ ആശുപത്രിയില്‍ അദ്ദേഹത്തെ യാത്രയാക്കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യവിദഗ്ധരോ മറ്റോ തയാറാകാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന ജാഗ്രത ഏറെ ശ്രദ്ദേയമായിരുന്നു.
മറ്റുള്ളവര്‍ക്കും മാതൃകയാവും വിധത്തിലാണ് അദ്ദേഹം ഇതുവരെയും കോവിഡ് മാനദണ്ഡം പാലിച്ചത്. അതിനിടെയാണ് മാനദണ്ഡം ലംഘിച്ചതായും പറയുന്നത്.
രോഗലക്ഷണങ്ങളൊന്നും മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നില്ലെന്നും പരിശോധനക്ക് ശേഷമാണ് കോവിഡ് പോസിറ്റീവായത് അറിയുന്നതെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
കോവിഡ് പരിശോധന വീണ്ടും നടത്തിയതോടെ രോഗമുക്തമായതിന് പിന്നാലെയാണ് വിവാദവും ഉയര്‍ന്നത്.