തലശേരി: കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ സിപി എം പ്രവർത്തകന്റെ രണ്ടു കൈപ്പത്തികളും തകർന്നു.
നാലാം മൈൽ പറമ്പത്ത് കോളനിയിലെ നിജേഷ് എന്ന മാരിമുത്തു (38) വിനെയാണ് ഇരു കൈപ്പത്തികളും തകർന്ന് അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകനായ ഒരാളെ കതിരൂർ സിഐ ബി.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. നിജേഷിനു പുറമെ വിജീഷ്, ആകാശ്,ഗൾഫിൽ നിന്നും വന്നൊരാൾ, മറ്റൊരാൾ എന്നിവർ ചേർന്ന് ബോംബ് നിർമിക്കുന്നതിനിടയിലാണ് സ്ഫോടനമെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
മാലിന്യം ഉപയോഗിക്കുന്ന ടാങ്കിൽ കൈകൾ കടത്തി ബോംബ് കെട്ടുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ കേട്ടതായി നാട്ടുകാർ പറഞ്ഞു.
സ്ഫോടനത്തിൽ വേസ്റ്റ് ടാങ്കിന്റെ മൂടി തകർന്നിട്ടുണ്ട്. ഇരു കൈകളും ചിതറിയ നിലയിൽ ചോരയിൽ കുളിച്ച നിജേഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മംഗലാപുരത്തേക്ക് കൊണ്ടു പോയത്.
വിവരമറിഞ്ഞ് സിഐ ബി.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും സ്ഫോടന സ്ഥലം വൃത്തിയാക്കിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ സംഭവ സ്ഥലത്തു നിന്നും ചിതറിയ കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന ചണനൂൽ, കരിങ്കൽ കഷണങ്ങൾ എന്നിവ കണ്ടെടുത്തു.
കസ്റ്റഡിയിലുള്ള ആളുടെ വീടിനടുത്തുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്. പ്രദേശത്ത് പോലീസ് വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്.