കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയുടെ വിദേശയാത്രകളുടെ ചുരുളഴിക്കാനൊരുങ്ങി വിജിലന്‍സ്.
വിദേശയാത്രകള്‍ നടത്തിയതിന്റെ ഉദ്യേശങ്ങളും ചെലവഴിച്ച ദിവസവുമുള്പ്പെടെയുള്ള കാര്യങ്ങള്‍ ഷാജിയില്‍ നിന്ന് നേരിട്ട് ചോദിച്ചറിയും.
ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന് വ്യക്തമാക്കി ഷാജിക്ക് നോട്ടീസ് നല്‍കുമെന്നും ഷാജിയുടെ സൗകര്യാര്‍ഥമുള്ള ദിവസം കൂടി പരിഗണിച്ച് ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ക്ക് സ്പീക്കറുടെ അനുമതി നേരത്തെ തേടിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമായതിനാല്‍ വിദേശയാത്രകളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്.
ഇതിനായി പാസ്പോര്‍ട്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിദേശയാത്രാ രേഖകളും മറ്റു രേഖകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.
നേരത്തെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് ഐഎന്‍എല്‍ നേതാവ് എന്‍.കെ.അബ്ദുള്‍ അസീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു.
വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ എസ്പിയ്ക്കും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഷാജിക്ക് ഹവാല ഇടപാടുകളുള്ള ചില വ്യക്തികളുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വിദേശയാത്രകള്‍ സ്പോണ്സര് ചെയ്തത് ഈ സുഹൃത്തുക്കളാണ്.
ഇവര്‍ നടത്തുന്ന ഹവാല ഇടപാടിലെ പണം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയോ എന്ന കാര്യവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്.
ദുബായ്, സൗദി, ഖത്തര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ഷാജി സന്ദര്‍ശിച്ചതെന്നാണ് വിവരം. ഈ യാത്രകളെക്കു റിച്ചാണിപ്പോള് വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നത്.
അതേസമയം 47.65 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. കൂടാതെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് 59 പവന് സ്വര്‍ണാഭരണങ്ങളും കണ്ണൂരിലെ വീട്ടില്‍ നിന്ന് 7.5 പവൻ സ്വര്‍ണാഭരണങ്ങളും വിദേശകറന്‍സികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാനും ഷാജിക്ക് നോട്ടീസ് നല്‍കും.
അതേസമയം പിടിച്ചെടുത്ത വസ്തുക്കളുടെ പൂര്ണിവിവരങ്ങള് സഹിതം ഇന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഉച്ചവരെ പരിശോധന തുടര്‍ന്നതിനാല്‍ അന്ന് കോടതിയെ സമീപിച്ചിരുന്നില്ല.