കുഞ്ചാക്കോ ബോബന് നായകനായെത്തിയ ആദ്യ ചിത്രം. ബാലനടിയായി സിനിമയിലെത്തിയ ശാലിനി ആദ്യമായി നായികയായെത്തിയ ചിത്രം ഇതായിരുന്നു അനിയത്തിപ്രാവ്.
ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് ചാക്കോച്ചന് ലഭിച്ചത്.
അനിയത്തിപ്രാവിലൂടെ മലയാളത്തിലെ റൊമാന്റിക്ക് ഹീറോയായി കുഞ്ചാക്കോ ബോബന് മാറി.
1997ല്‍ റിലീസ് ചെയ്ത സിനിമ സംവിധായകന് ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കി.
അനിയത്തിപ്രാവിലെ സുധിയും മിനിയും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
താരങ്ങളുടെ പ്രകടനത്തിനൊപ്പം ഈ പ്രണയ ചിത്രത്തിലെ പാട്ടുകളും ഒരുകാലത്ത് തരംഗമായി മാറിയിരുന്നു.
അതേസമയം അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന് ഡബ് ചെയ്ത കൃഷ്ണചന്ദ്രന്റെ ശബ്ദവും ശ്രദ്ധേയമായിയിരുന്നു. ചാക്കോച്ചന്റെ പ്രകടനത്തിനൊപ്പം കൃഷ്ണചന്ദ്രന്റെ ശബ്ദം കൂടി ചേര്‍ന്നപ്പോഴാണ് സുധി എന്ന കഥാപാത്രം മികച്ചതായത്.
നടനായും പിന്നണി ഗായകനായും തിളങ്ങിയ കൃഷ്ണചന്ദ്രന് ഒരുകാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മോളിവുഡില്‍ സജീവമായിരുന്നു.
അതേസമയം അനിയത്തിപ്രാവിലെ ഒരു രംഗത്തിനായി പതിനാറിലധികം ടേക്ക് പോയ അനുഭവം ഒരഭിമുഖത്തില്‍ കൃഷ്ണചന്ദ്രന് വെളിപ്പെടുത്തിയിരുന്നു.
അനിയത്തിപ്രാവിലെ ഒരു മൂളല്‍ രംഗത്തിന് ഫാസില്‍ സാര്‍ തന്നെകൊണ്ട് പതിനാറിലധികം തവണ ഡബ്ബിംഗിന് ടേക്ക് എടുപ്പിച്ചെന്ന് കൃഷ്ണചന്ദ്രന് പറയുന്നു.
ആ… എന്ന ഒരു വാക്ക് പറയാനായിരുന്നു അത്. പാച്ചിക്ക(ഫാസില്‍) എന്നെകൊണ്ട് വീണ്ടും വീണ്ടും പറയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പതിനാറാമത്തെ ടേക്കിലാണ് ഒകെ പറഞ്ഞത്.
ഡബ്ബിംഗിനിടയില്‍ ഒരു ദിവസം ഞാന്‍ പറഞ്ഞു. പാച്ചിക്ക ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് വരില്ല. എന്നെ വിട്ടേക്ക്.
പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ആവശ്യമുളളത് കിട്ടിയിട്ടേ പാച്ചിക്ക വിട്ടുളളൂ. അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന് പറഞ്ഞു.
-പിജി