ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ സൂപ്പർ സ്പ്രെഡിനുള്ള സാധ്യത ഏറിയതിനാൽ കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിൽ ഒന്നായ നിരഞ്ജിനി അഖാഢയാണ് നാളെ മേള സമാപിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. അഖാഢ പരിഷത്തിന്റെ അന്തിമ തീരുമാനത്തോടെ മേള സമാപിച്ചേക്കും.
ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സ്ഥിതി കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജിനി അഖാഢ സെക്രട്ടറി രവീന്ദ്രപുരി മഹാരാജ് പറഞ്ഞു. ഈ മാസം 30 വരെ കുഭമേള നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ഇവിടെ കഴിഞ്ഞദിവസം മാത്രം 1700ലേറെ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ചടങ്ങുകൾ അവസാനിപ്പിച്ചാൽ തീർഥാടകർ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് സംഘാടകർ.
മുഖ്യൻ മരിച്ചു, നിർവാണി അഖാഢ പിൻവാങ്ങി
ഹരിദ്വാർ: മുഖ്യ സന്യാസിയായ മഹാമണ്ഡലേശ്വർ കപിൽദേവ് ദാസിന്റെ മരണത്തോടെ മഹാ കുംഭമേളയിൽനിന്നു പിൻവാങ്ങാൻ രണ്ടാമത്തെ വലിയ അഖാഢയായ നിർവാണി തീരുമാനിച്ചു.
കുംഭമേള വേദിക്കടുത്ത് സ്വകാര്യ കേന്ദ്രത്തിൽ കോവിഡ് ബാധയെത്തുടർന്നാണ് 65കാരനായ മഹാമണ്ഡലേശ്വർ മരിച്ചത്. ഹരിദ്വാറിൽ എഴുപതോളം മുതിർന്ന സന്യാസിമാർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.