നെടുങ്കണ്ടം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു.
സമൂഹത്തിൽ നിലയും വിലയുമുള്ളവരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിക്കുകയും മെസഞ്ചറിലൂടെ പണം വായ്പ ചോദിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, എസ്റ്റേറ്റ് ഉടമകൾ തുടങ്ങിയവരുടെ ഫോട്ടോയും പേരും വിലാസവും ചേർത്താണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത്.
ഇത്തരക്കാരുടെ ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ വിവരങ്ങൾ ശേഖരിച്ചശേഷം ഇവർക്ക് മെസഞ്ചറിലൂടെയാണ് സന്ദേശങ്ങൾ നൽകുന്നത്.
ഹായ് എന്ന് വിഷ് ചെയ്തശേഷം പ്രതികരണം ലഭിച്ചാലുടനെ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെന്ന് മറുപടി നൽകിയാൽ വളരെ അത്യാവശ്യമായി 9,000 രൂപ വരെയുള്ള തുക വായ്പയായി ആവശ്യപ്പെടും.
രണ്ടുമണിക്കൂറിനുള്ളിൽ മടക്കിനൽകാമെന്നും വാഗ്ദാനം ചെയ്യും. അത്രയുംതുക കൈവശമില്ലെന്ന് പറഞ്ഞാൽ എത്രയുണ്ടെന്ന് ചോദിക്കുകയും ഉള്ളത് അയയ്ക്കാൻ പറയുകയും ചെയ്യും.
പരിചയക്കാരും സുഹൃത്തുക്കളും ആയതിനാൽ സ്വാഭാവികമായി ചിലരെങ്കിലും ഇത്തരം ചതിയിൽപെടുകയും പണം അയയ്ക്കുകയും ചെയ്യുന്നുണ്ട്.
അടുത്തിടെ ദേവികുളം സബ് കളക്ടറുടെ പേരിലും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശം വന്നിരുന്നു.
ബുധനാഴ്ച നെടുങ്കണ്ടം മേഖലയിലെ ഒരു അധ്യാപികയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി ഇവരുടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നു.
ഇവരുടെ വിദ്യാർഥികളിൽ ചിലർ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. ഉടൻതന്നെ അധ്യാപിക ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ കാര്യം ധരിപ്പിക്കുകയായിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇപ്രകാരം നിരവധി ആളുകളുടെ പേരിൽ തട്ടിപ്പ് നടന്നതായി അറിയുന്നത്. ആസാം സ്വദേശികളാണ് തട്ടിപ്പ് സംഘത്തിനു പിന്നിലെന്ന് കണ്ടെത്തി. സൈബർ സെൽ അന്വേഷണം ആരംഭിച്ചു.