കോഴിക്കോട്: സബ് ഇന്‍സ്പെക്ടറെ വിഡ്ഡിയെന്നധിക്ഷേപിച്ച് മൃഗത്തോടുപമിച്ചെന്ന ആരോപണത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറില്‍ നിന്നു വിശദീകരണം തേടി. ക്രമസമാധാന ചുമതല വഹിക്കുന്ന ഡിസിപി എം. ഹേമലതയില്‍ നിന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോർജ് വിശദീകരണം തേടിയത്. വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നു കമ്മീഷണര്‍ അറിയിച്ചു.
ഏപ്രില്‍ 13ന് രാവിലെയാണ് സംഭവം. പ്രതിദിന അവലോകന യോഗ (സാട്ട) ത്തിനിടെയാണ് കണ്ട്രോള് റൂം എസ്ഐയെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ഫ്ലൈയിംഗ് സ്ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുളള ഉദ്യോഗസ്ഥന് വേണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഇത് നടപ്പാവാത്തതാണ് ഡിസിപിയെ പ്രകോപിപ്പിച്ചത്. മറ്റ് ഉദ്യോഗസ്ഥരെല്ലാം കേള്‍ക്കെയായിരുന്നു എസ്ഐയെ വയര്‍ലെസിലൂടെ പരസ്യമായി ശാസിച്ചതത്രേ.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് പട്രോളിംഗ് വാഹനങ്ങളിലെല്ലാം എസ്ഐമാര്‍ വേണമെന്ന നിര്‍ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെയായിരുന്നു “നിങ്ങള്‍ മൃഗങ്ങളാണോ..?, നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ..?” തുടങ്ങിയ കടുത്ത പ്രയോഗങ്ങള്‍ നടത്തിയതെന്നാണ് പോലീസുകാരുടെ പരാതി.
പോലീസുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതും ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് മേലുദ്യോഗസ്ഥയുടെ നടപടിയെന്നു ചൂണ്ടിക്കാട്ടി സേനാംഗങ്ങളില്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടത്.