തലശേരി: കണ്ണൂർ ജില്ലയിലെ സംഘർഷ മേഖലയിൽ ബോംബ് നിർമാണത്തിന് ന്യൂ ജെൻ മാതൃക. ബുധനാഴ്ച കതിരൂരിൽ ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത് കമ്പോസ്റ്റ് ടാങ്ക്.മുൻ കാലങ്ങളിൽ മരബഞ്ചുകളും മരങ്ങളും മറയാക്കിയാണ് ബോംബ് നിർമിച്ചിരുന്നത്.
സ്ഫോടനം നടന്നാൽ മുഖത്ത് പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. എന്നാൽ ഇപ്പോൾ എല്ലാ വീടുകളും തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിർമാർജനത്തിനായി കമ്പോസ്റ്റ് ടാങ്കുകൾ നൽകിയിട്ടുണ്ട്. ഈ ടാങ്കാണ് കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനായി സംഘം ഉപയോഗിച്ചത്.
സ്കൂളിലെഅധ്യാപകന്റെ ബാഗിൽ നിന്നും ബോംബ് പൊട്ടിയ പാരമ്പര്യമുള്ള നാട്ടിൽ ബോംബ് നിർമാണത്തിനിടയിൽ നിരവധി ജീവനുകളാണ് മുമ്പ് പൊലിഞ്ഞിട്ടുള്ളത്. കൈപ്പത്തികൾ ഉൾപ്പെടെ നഷ്ടപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവരും ഏറെയാണ്. പാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ ബോംബ് കുഴി തന്നെ ഉണ്ടായിരുന്നു.
ഐജി വിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ ബോംബ് കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് തന്നെ പൊന്ന്യം കപ്പരട്ടി ഭവനിൽ മാസങ്ങളോളം ക്യാമ്പ് ചെയ്യുകയും നൂറു കണക്കിൽ ഉഗ്രശേഷിയുള്ള ബോംബുകൾ പിടികൂടുകയും ചെയ്തിരുന്നു.
കതിരൂർ നാലാം മൈലിൽ ബോംബ് നിർമിച്ച സംഘം ഈ രംഗത്ത് ഇളമുറക്കാരാണെന്നാണ് പോലീസ് നൽകുന്ന സൂചന. പാർട്ടി ഗ്രാമങ്ങളിൽ അതാത് പാർട്ടികളിൽപെട്ടവർ എതിരാളികളെ നേരിടാനായി ഇപ്പോഴും ബോംബ് നിർമിച്ച് സൂക്ഷിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കതിരൂർ, തലശേരി, മമ്പറം എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി ബോംബുകൾ പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോൾ ബോംബ് സ്ക്വാഡിന്റെ റെയ്ഡ് തുടരുകയാണ്.കഴിഞ്ഞദിവസം കതിരൂർ നാലാം മൈലിൽ നടന്ന സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ നാലാം മൈൽ പറമ്പത്ത് കോളനിയിലെ നിജേഷ് എന്ന മാരിമുത്തു (38) വിന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽയിലാണ് ഇയാൾ. അടിയന്തിര ശസ്ത്രക്രിയകൾക്ക് ശേഷം ഐസിയുവിൽ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് കതിരൂർ പോലീസ്. സംഭവത്തിൽ അറസ്റ്റിലായ വിയാൻ വില്ലയിൽ വിനുവിനെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കതിരൂർ സിഐ ബി.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് ബോംബ് നിർമാണത്തിനിടയിൽ സ്ഫോടനം നടന്നത്. നിജേഷിനു പുറമെ വിജീഷ്, വിനു, ആകാശ്, ഗൾഫിൽ നിന്നും വന്നൊരാൾ എന്നിവർ ചേർന്ന് ബോംബ് നിർമിക്കുന്നതിനിടയിലാണ് സ്ഫോടനമെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
ചിതറിയ കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണനൂൽ, കരിങ്കൽ കഷണങ്ങൾ എന്നിവ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു.