സ്വന്തം ലേഖകൻ
തൃശൂർ: സാധാരണ ഗതിയിൽ തൃശൂർ പൂരത്തിന് ഒന്നോ രണ്ടോ മാസങ്ങൾക്ക് മുൻപു തന്നെ ഹൗസ് ഫുൾ ആകുന്ന തൃശൂരിലെ ലോഡ്ജുകൾ ഇത്തവണ പൂരത്തിന് ഒരാഴ്ച മാത്രം അവശേഷിക്കുന്പോഴും ഹൗസ്ഫുൾ ആയിട്ടില്ല.
നഗരത്തിനകത്തെ ഹോട്ടലുകളിൽ വരെ ഇപ്പോഴും റൂം വേക്കന്റ് ആണ്.
തൃശൂർ പൂരം നടക്കുമോ എന്ന സംശയവും കോവിഡ് വ്യാപനവും എല്ലാം ചേർന്ന് പൂരം കാണാൻ ദൂരെദിക്കുകളിൽ നിന്നും ഗൾഫിൽ നിന്നുമെല്ലാം എത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്.
ഇതേറ്റവും പ്രതികൂലമായി ബാധിക്കുന്നത് പൂരക്കാലത്ത് നല്ല ബിസിനസ് ലഭിച്ചുകൊണ്ടിരുന്ന ഹോട്ടൽലോഡ്ജുകളെയാണ്.സ്യൂട്ട് റൂമുകളടക്കം ഇപ്പോഴും തൃശൂരിലെ ലോഡ്ജുകളിൽ ഒഴിവുണ്ട്.
സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുമാത്രമേ റൂമുകൾ നൽകുള്ളുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളെല്ലാം തൃശൂർ നഗരത്തിനകത്തെ ഹോട്ടലുകളിൽ പൂരം ദിവസങ്ങളിൽ റൂമെടുക്കുന്നതിന് ആവശ്യമാണ്.
പലയിടത്തും ഓണ്‍ലൈൻ ബുക്കിംഗ് നിർത്തിയിരിക്കുകയാണ്. നേരിട്ടെത്തി മുഴുവൻ പണവും അഡ്വാൻസ് അടയ്ക്കുന്നവർക്കേ ചിലയിടത്ത് റൂം നൽകുന്നുള്ളു.
എന്നാൽ ഓണ്‍ലൈൻ വഴി റൂം ബുക്കിംഗ് നടത്തുന്നവരും ഉണ്ട്.
പലരും പൂരം നടക്കുമോ റൂമുണ്ടാകുമോ എന്ന് വിളിച്ചു ചോദിക്കുന്നുണ്ടത്രെ.
സാധാരണ ദിവസങ്ങളേക്കാൾ വാടക പൂരം നാളുകളിൽ കൂടുതലായിരിക്കും. അതൊന്നും വകവെക്കാതെയാണ് പൂരത്തിന് അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിൽ നിന്നുമൊക്കെയുള്ള പൂരപ്രേമികൾ സകുടുംബം വന്ന് തൃശൂരിലെ ലോഡ്ജുകളിൽ മുറിയെടുക്കാറുള്ളത്.
ഒരാഴ്ചയ്ക്കുള്ളിൽ മുറികളെല്ലാം ബുക്ക് ചെയ്യപ്പെടുമെന്നും ഹൗസ്ഫുൾ ബോർഡ് വെക്കാൻ പറ്റുമെന്നുമുള്ള പ്രതീക്ഷയിലാണ് ഹോട്ടൽലോഡ്ജ് അധികൃതർ.