ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനു മൂന്നു മാസത്തോളം ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരും.വിരലിനേറ്റ പൊട്ടലിനെത്തുടര്ന്നാണു സ്റ്റോക്സ് പുറത്തിരിക്കേണ്ടിവരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യമറിയിച്ചത്. ചൂണ്ടു വിരലിനാണു പൊട്ടലേറ്റത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനൊപ്പം പഞ്ചാബ് കിംഗ്സിനെതിരേയുള്ള മത്സരത്തിനിടെയാണു താരത്തിനു പരിക്കേറ്റത്. മത്സരത്തില്‍ ഡൈവിംഗ് ക്യാച്ചിനുള്ള ശ്രമത്തിനിടെയാണു പരിക്കേറ്റത്.
എക്സ്റേ, സിടി സ്കാന്‍ പരിശോധനയ്ക്കു വ്യാഴാഴ്ച താരത്തെ വിധേയാനാക്കിയിരുന്നു. തിങ്കളാഴ്ച ലീഡ്സില്വച്ച് താരത്തിനു ശസ്ത്രക്രിയ നടത്തുമെന്നും ഇസിബി അറിയിച്ചു.
പരിക്കിനെത്തുടര്‍ന്ന് സ്റ്റോക്സിനു ന്യൂസിലന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. ജൂണ്‍ രണ്ടിന് ലോര്‍ഡ്സില്‍ പരമ്പരയ്ക്കു തുടക്കമാകും.