പയ്യന്നൂര്‍: സാമൂഹ്യവിരുദ്ധന്റെ ശല്യം സഹിക്കാതായപ്പോള്‍ നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു പ്രതിയെ കുടുക്കി.
വൈപ്പിരിയം ആലക്കാടുള്ള വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവിനെയാണ് കുണ്ടയംകൊവ്വലില് നാട്ടുകാര്‍ ഇന്നുരാവിലെ പിടികൂടിയത്.ഇയാളുടെ ശല്യംമൂലം നാട്ടുകാര്‍ പൊറുതിമുട്ടാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി.
യുവതികളുടെ അലക്കി ഉണങ്ങാനിടുന്ന അടിവസ്ത്രങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പരിസരത്തെ കിണറുകളിലാണ് കാണപ്പെട്ടിരുന്നത്. ഇതോടെ കിണറിലെ മാലിന്യങ്ങള്‍ നീക്കി പലരും കിണറുകള്‍ വറ്റിച്ച് ശുചിയാക്കി.
കുളിമുറികളിലേക്കും മറ്റുമുള്ള ഒളിഞ്ഞുനോട്ടം മറ്റൊരു ശല്യമായി. ഇതിന് പുറമെ ചില വീടുകളില്‍നിന്നും മൊബൈല്‍ ഫോണുകളും കാണാതായി.
ഇരുട്ടിന്റെ മറവിലുള്ള ഈ വിക്രിയകള്‍ക്ക് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ വിഫലമായപ്പോഴാണ് സാധ്യതയുള്ള പല സ്ഥലങ്ങളിലായി നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
പതിവുപോലെ അടിവസ്ത്രം അടിച്ചുമാറ്റി ആത്മസായൂജ്യത്തോടെ കിണറില്‍ തള്ളാനെത്തിയ വിരുതന് നിരീക്ഷണ കാമറയില്‍ കുടുങ്ങി.
ഇന്നുരാവിലെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് എല്ലാം സമ്മതിക്കേണ്ടിവന്നു. പിന്നീട് വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ പെരിങ്ങോം പോലീസിന് ഇയാളെ കൈമാറുകയായിരുന്നു.