പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചികോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു.
കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയും ഫലം കാണുന്നില്ല.
ഉത്പാദന ചെലവിലുണ്ടായ വൻ വർദ്ധനയാണ് കേരളത്തിലെ ഇറച്ചി കോഴി ഉത്പാദനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങാൻ ഇടയാക്കിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 50 രൂപയോളം വർദ്ധിച്ച് ഒരു കിലോ കോഴിയുടെ വില 150 രൂപയിലെത്തി. കോഴിയിറച്ചിക്കും വില വർദ്ധിച്ച് കിലോയ്ക്ക് 240 രൂപയായി.
കേരളത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കോഴി വില നിയന്ത്രണം പൂർണ്ണമായും തമിഴ്നാട് ലോബിയുടെ കൈകളിലായി.
വിഷു, റംസാൻ എന്നിവയെലക്ഷ്യം വെച്ചാണ് മൊത്തവ്യാപാരികൾ അനിയന്ത്രിതമായി വില വർദ്ധിപ്പിച്ചത്.
കേരളത്തിൽ ഉത്പാദനം വർദ്ധിപ്പിച്ച് വിപണിയിൽ ചലനമുണ്ടാക്കിയില്ലെങ്കിൽ ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ഇറച്ചിക്കോഴി കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും കച്ചവടക്കാരും കോഴിഫാം ഉടമകളും പറയുന്നു.