കണ്ണൂർ: ഇന്നു മുതൽ രാത്രി കാലങ്ങളിൽ നഗരത്തിൽ കറങ്ങി നടക്കുന്നവർക്ക് പിടി വീഴും.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആൾക്കൂട്ടമൊഴിവാക്കാനും രാത്രികാലങ്ങളിലെ അനാവശ്യ കറക്കമൊഴിവാക്കാനും പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്.
രാത്രി സമയത്ത് നഗരങ്ങളിൽ ഇറങ്ങി നടങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ പോലീസ് കേസെടുക്കും. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കും.
ഇതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാത്രി കാല വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
കടകളും ടർഫ് കോർട്ടുകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാവു. ഒൻപതിനു ശേഷം പ്രവർത്തിക്കുന്ന കടകൾക്കെതിരെ പിഴയീടാക്കും.
മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പുവരുത്തി പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും.
കൂടാതെ രാത്രികാലങ്ങളിലും മറ്റും അനാവശ്യമായി ബൈക്കിൽ കറങ്ങുന്നവർക്കെതിരെ പിഴയീടാക്കും. ജില്ലയിൽ കോവിഡ് കൂടി വന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും മറ്റും എത്തികൊണ്ടിരുന്നത് നൂറുകണക്കിനാളുകളാണ്. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ഇവർ ചെയ്യുന്നില്ലെന്നത് കണക്കിലെടുത്താണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ബീച്ചുകളിൽ ഏഴിനു ശേഷം പ്രവേശനമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധിയാളുകളാണ് ഇവിടങ്ങളിൽ എത്തുന്നത്. ഇനി ഇത്തരത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കാനാണ് പോലീസ് തീരുമാനം.
തളിപ്പറന്പിൽ കർശന നിയന്ത്രണം
തളിപ്പറമ്പ്: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ തളിപ്പറമ്പ് പോലീസ് ബോധവല്ക്കത്കരണം നടത്തി.
രണ്ടു പേരടങ്ങുന്ന സംഘങ്ങളായാണ് പോലീസ് ബസ്സ്റ്റാന്‍ഡ്, മെയിന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, ദേശീയ പാത എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ബോധവത്കരണം നടത്തിയത്.
കടയുടമയുടെ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ജീവനക്കാര്‍ സാമൂഹിക അകലം പാലിച്ച് കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിച്ച് മാസ്ക് ധരിച്ച് തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തും.
ഇതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയാല്‍ ആദ്യ തവണ താക്കീത് ചെയ്യും. സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ നേരത്തേ ഉണ്ടായിരുന്ന മുന്‍ കരുതല്‍ ഭൂരിഭാഗം സ്ഥാപനങ്ങളിലും പാലിക്കുന്നില്ലെന്നതിനാല്‍ കൈയ്യുറകള്‍ ധരിക്കാനും കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്താനും കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് ബോധവല്‍ക്കരണത്തിന് നേതൃത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മട്ടന്നൂരിൽ വ്യാപാര സ്ഥാപനങ്ങൾ നാളെ മുതൽ രാത്രി എട്ടു വരെ മാത്രം
മട്ടന്നൂർ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മട്ടന്നൂർ നഗരസഭയിൽ നിയന്ത്രണം ഏർപ്പെടുത്തി. മുൻ കരുതലിന്റെ ഭാഗമായി നാളെ മുതൽ നഗരസഭാ പരിധിയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാത്രി എട്ടു വരെയാക്കി.
നഗരസഭാ കോവിഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിൽ രാത്രി എട്ടുവരെ ഇരുന്ന് ഭക്ഷണം കഴിക്കുകയും ഒമ്പതു വരെ പാഴ്സൽ നൽകുകയും ചെയ്യാം. പൊതുപരിപാടികൾ വാർഡ് ജാഗ്രതാ സമിതി മുഖേനയോ കൗൺസിലർമാർ വഴിയോ നഗരസഭയെയും പോലീസിനെയും അറിയിക്കണം.
കോവിഡ് പോസിറ്റീവായ ആളുകളുമായി ബന്ധമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണം. വിദേശത്ത് നിന്ന് എത്തുന്നവർ 14 ദിവസവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ഏഴു ദിവസവും നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു.
നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും ജാഗ്രതാ സമിതികൾ 18, 19, 20 തീയതികളിൽ യോഗം ചേരും. മട്ടന്നൂർ ഗവ. യുപി സ്കൂളിൽ എല്ലാ ദിവസവും കോവിഡ് ആന്റീജൻ പരിശോധന നടത്തും.
ഇന്നു രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഉരുവച്ചാൽ ഗവ. എൽപി സ്കൂളിലും 19 ന് പരിയാരം യുപി സ്കൂളിലും 20 ന് മരുതായി എൽപി സ്കൂളിലും ആന്റീജൻ പരിശോധനാ ക്യാമ്പുകൾ നടത്തും. നഗരസഭയിൽ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു പറഞ്ഞു.
അനിതാ വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി. ഇസ്മായിൽ, എ.കെ. സുരേഷ് കുമാർ, മെഡിക്കൽ ഓഫീസർ കെ. സുഷ്മ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ടി. സുരേന്ദ്രൻ, രാഗേഷ് പാലേരി വീട്ടിൽ, സെക്രട്ടറി എസ്. വിനോദ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.