മുംബൈ: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ സേർട്ട് ഇൻ(ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം).
കൃതിമമായ കോഡ് ഉപയോക്താക്കളുടെ വാട്സ്ആപ്പിൽ പ്രവർത്തിപ്പിച്ച് ഫോണിലെയും മറ്റും വിവരങ്ങൾ ചോർത്താൻ ഹാക്കറിന് അവസരം നൽകുന്ന സാങ്കേതിക പിഴവ് വാട്സ്ആപ്പിലുണ്ടെന്നാണ് സേർട്ട് ഇൻ നൽകുന്ന മുന്നറിയിപ്പ്.
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ 2.21.4.18 വേർഷനു മുന്‍പുള്ള വേർഷനുകളിലും എെഒഎസിൽ 2.21.32 വേർഷനു മുന്പുള്ളവയിലുമാണ് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയത്.
വാട്സ്ആപ്പ് ബിസിനസിലും ഇതേ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആപ്പിൾ സ്റ്റോറിൽനിന്നും പ്ലേ സ്റ്റോറിൽനിന്നും ഏറ്റവും പുതിയ വാട്സ്ആപ്പ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്താൽ സുരക്ഷാ ഭീഷണി ഒഴിവാക്കാമെന്നും സേർട്ട് ഇൻ അറിയിച്ചു.
പുത്തൻ ഫീച്ചറുകൾ
പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോകളും ഫോട്ടോകളും വലിയ പ്രിവ്യൂവിൽ കാണാനുള്ള സംവിധാനമാണ് പുതിയ ഫീച്ചറുകളിൽ ഒന്ന്.
ഈ ഫീച്ചർ നിലവിൽ എെഒഎസ് ഉപയോക്താക്കൾക്കാണ് ലഭ്യമായിട്ടുള്ളത്. വൈകാതെ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലും വരും.
ഡിസപ്പിയറിംഗ് മെസേജ് ഫീച്ചർ ഗ്രൂപ്പിലെ എല്ലാവർക്കും പ്രവർത്തിപ്പിക്കാനുള്ള സൗകര്യമാണ് രണ്ടാമത്തെ പുതിയ ഫീച്ചർ.
എന്നിരുന്നാലും ഗ്രൂപ്പുകളിൽ അഡ്മിൻമാർക്കു മാത്രം ഡിസപ്പിയറിംഗ് മെസേജ് ഫീച്ചർ പ്രവർത്തിക്കാവുന്ന തരത്തിൽ സെറ്റിംഗ്സ് ക്രമീകരിക്കാനാവും. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ നേരത്തെ തന്നെ ഈ ഫീച്ചർ എത്തിയിരുന്നു.