പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാനായി പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂവിൽ ഡൽഹി നിശ്ചലമായി. അവശ്യ സർവീസുകൾ ഒഴികെ ഒന്നും തന്നെ ഇന്നലെ പ്രവർത്തിച്ചില്ല.
റോഡുകളും വ്യാപാര സ്ഥാപനങ്ങളും മിക്ക ഓഫീസുകളും അടഞ്ഞു കിടന്നതോടെ ഇന്നലെ രാവിലെ ഡൽഹിയിലെ തെരുവുകൾ വിജനമായി.
എന്നാൽ, ഭക്ഷണം പോലുമില്ലാതെ വീണ്ടും തങ്ങളോടു സർക്കാരുകൾ ക്രൂരത കാട്ടുകയാണെന്ന് കുടിയേറ്റ, ദിവസക്കൂലി തൊഴിലാളികൾ പരാതിപ്പെട്ടു.
വരുമാനം തടഞ്ഞപ്പോൾ പാവപ്പെട്ടവർക്കു വേണ്ടി സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെന്നു ബിഹാർ, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള റിക്ഷാ തൊഴിലാളികൾ പറഞ്ഞു.
ചായക്കടകളും ഹോട്ടലുകളും അടച്ചതോടെ ഭക്ഷണം പോലും കിട്ടാതായെന്നു ദിവസക്കൂലിക്കാരായ തൊഴിലാളികളും പരാതിപ്പെട്ടു.
ഡൽഹി വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, എയിംസ് അടക്കമുള്ള പ്രധാന ആശുപത്രികളുടെ പരിസരങ്ങൾ എന്നിവിടങ്ങളിലൊഴികെ ഒരിടത്തും ഇന്നലെ ജനത്തിരക്ക് ഉണ്ടായില്ല.
ബസ്, മെട്രോ ട്രെയിനുകളിലും യാത്രക്കാർ വളരെ കുറവായിരുന്നു. റസ്റ്റോറന്റുകളിൽ നിന്നു പാഴ്സൽ ഭക്ഷണ വിതരണം നടന്നു.
മെഡിക്കൽ ഷോപ്പുകൾ, പലചരക്കു കടകൾ തുടങ്ങിയവ തുറന്നു പ്രവർത്തിച്ചു. കർഫ്യൂവുമായി തലസ്ഥാന നഗരവാസികൾ പൂർണമായി സഹകരിച്ചെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനിടെ, കോവിഡ് രോഗികൾ കൂടിയതോടെ രാജ്യത്തെ ഏറ്റവും വലിയ കോവിഡ് പരിപാലന കേന്ദ്രമായ ദക്ഷിണ ഡൽഹിയിലെ രാധാ സത്സംഗ് സോമി ബീസിലെ കേന്ദ്രം വീണ്ടും തുറന്നു.
രോഗികൾ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെയുള്ള കോവിഡ് കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
കോവിഡ് രോഗികൾക്കായി ഏതാനും ദിവസത്തിനകം 6,000 ബെഡുകൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഇന്നലെ മാത്രം 24,000 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്.