കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് നിര്‍ണായക വിവരം ലഭിച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറി.
സംഭവശേഷം ഒളിവില്‍പ്പോയ വൈഗയുടെ പിതാവ് സനു മോഹന്‍ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
ഹോട്ടലിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങളുണ്ട്. പോലീസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹോട്ടലില്‍ സനു മോഹന്‍ രണ്ടായിരം രൂപ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നാലു ദിവസം ഇയാള്‍ ഇവിടെ താമസിച്ചിരുന്നു. ഏപ്രില്‍ 16നു മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ സനു ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്.
കാര്‍ഡ് വഴി ഹോട്ടല്‍ ബില്‍ അടയ്ക്കാമെന്നു പറഞ്ഞ് അന്നു രാവിലെ പത്തോടെ പുറത്തുപോയ സനുമോഹന് പിന്നീടു ഹോട്ടലില്‍ തിരിച്ചെത്തിയില്ല.
ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ ഇയാളെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് കേസിന്റെ വിവരമറിയുന്നത്.
തുടര്‍ന്നു മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറില്‍ വിളിച്ചു വിവരം അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു പറഞ്ഞു.
കര്‍ണാടക പോലീസിന്റെ സഹായത്തോടെ കേരള പോലീസിന്റെ ഒരു ടീം കൊല്ലൂരില്‍ സനുവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇയാളെ ഉടന്‍ പിടികൂടുമെന്നും വൈഗയുടെ മരണത്തിലെ ദുരൂഹതകള്‍ ഉടന്‍ നീങ്ങുമെന്നാണു പ്രതീക്ഷയെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.