പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം പതിന്മടങ്ങായതോടെ രാജ്യത്തെ മിക്ക ആശുപത്രികളിലും വെന്റിലേറ്റേറും ബെഡുകളും കിട്ടാതായി.
ഐസിയുകളും നിറഞ്ഞതോടെ ഗുരുതര രോഗികൾക്കു പോലും രക്ഷയില്ലാതായി. മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പല സംസ്ഥാനങ്ങളിലും ഓക്സിജൻ സിലിണ്ടറുകൾക്കും ക്ഷാമമായി.
മരണനിരക്ക് ഉയർന്നതോടെ പ്രധാന നഗരങ്ങളിലെ മോർച്ചറികൾക്കും ശ്മശാനങ്ങൾക്കും മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ല.
ഒരു വർഷത്തിലേറെ സമയം കിട്ടിയിട്ടും കോവിഡ് ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഡൽഹിയിലെ എല്ലാ ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞു. ഡൽഹി എയിംസ്, സഫ്ദർജംഗ്, രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി, ആർഎംഎൽ, മൂൽചന്ദ്, ലേഡി ഹാർഡിംഗ്, ലോക്നായക് ജയപ്രകാശ്, ഗംഗാറാം, മാക്സ് സൂപ്പർ സ്പെഷാലിറ്റി, അപ്പോളോ, ഹോളി ഫാമിലി തുടങ്ങി പ്രമുഖ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ഇന്നലെ ഒരൊറ്റ ഐസിയു ബെഡ് പോലുമില്ല.
ഡൽഹി, മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, ലക്നൗ നഗരങ്ങളിലെ ആശുപത്രികളിൽ 90 ശതമാനം ബെഡുകളും രണ്ടു ദിവസം മുന്പേതന്നെ രോഗികളെക്കൊണ്ടു നിറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള 1,200 ബെഡ് സിവിൽ ആശുപത്രിയിൽ ദിവസങ്ങളായി ഓക്സിജനും വെന്റിലേറ്ററും ലഭ്യമല്ലെന്നു റിപ്പോർട്ടുണ്ട്. ഇൗ ആശുപത്രികൾക്കു മുന്നിൽ 30 ആംബുലൻസുകളാണ് ഗുരുതര രോഗികളുമായി കാത്തുകിടക്കുന്നത്.