പുതുതായി ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ ചാര്‍ജര്‍ ലഭിക്കില്ലെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.വിലയേറിയ ഉപകരണമായ ഐഫോണിനൊപ്പം ചാര്‍ജര്‍ പോലും നല്‍കാത്ത ആപ്പിളിന്റെ പിശുക്ക് ചര്‍ച്ചാവിഷയമാകുകയും ചെയ്തു.
എന്നാല്‍ ഇതിന്റെ കാരണവും കമ്പനി വ്യക്തമാക്കി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടിരിക്കുന്നു.
എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്.
ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചാര്‍ജര്‍ ഒപ്പം നല്‍കാതിരിക്കുക വഴി ഐഫോണ്‍ വില്‍ക്കുന്ന ബോക്സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു.
ചാര്‍ജിങ് അഡാപ്റ്ററുകള്‍ നല്കാതിരിക്കാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും അത് നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിനു വേണ്ട നടപടികളിലൊന്നായിരുന്നു എന്നും പറഞ്ഞ് ആപ്പിള്‍ സ്വയം അനുമോദിക്കുന്നുമുണ്ട് റിപ്പോര്‍ട്ടില്‍.
ഐഫോണുകള്‍ക്കും ആപ്പിള്‍ വാച്ചിനുമൊപ്പം ചാര്‍ജറുകള്‍ നല്‍കാതിരിക്കുക വഴി ചെമ്പ്, ടിന്, സിങ്ക് തുടങ്ങി വസ്തുക്കള്‍ ഭീമമായ അളവില്‍ ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത് ഒഴിവാക്കാനായെന്നും കമ്പനി പറയുന്നു.
ഖനന പ്രക്രിയ വഴി കുഴിച്ചെടുക്കുന്ന വസ്തുക്കള്‍ സംസ്കരിച്ചെടുക്കുമ്പോഴും, അവ വാഹനങ്ങള്‍ വഴി മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുമ്പോഴും ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനായെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.
2019ല്‍ 25.1 ദശലക്ഷം ടണ്‍ കാര്‍ബണാണ് ആപ്പിള്‍ കമ്പനി പുറംതള്ളിയത്. 2020ല്‍ 22.6 ദശലക്ഷം ടണ്‍ ആയി കുറച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു.
സ്വന്തം എം1 ചിപ്പ് മാക് കംപ്യൂട്ടറുകള്‍ക്കായി നിര്‍മിക്കുക വഴി തങ്ങളുടെ മൊത്തം കാര്‍ബണ്‍ ഫുട്പ്രിന്റ് 34 ശതമാനം കുറയ്ക്കാനായെന്നും കമ്പനി അവകാശപ്പെടുന്നു.
അതേസമയം, ഐഫോണുകളും മറ്റു ഡിവൈസുകളും ചാര്‍ജ് ചെയ്യാനായി മറ്റേതെങ്കിലും കമ്പനി നിര്‍മിക്കുന്ന ചാര്‍ജറുകള്‍ വാങ്ങേണ്ടി വരില്ലെ എന്നും, അത് പാരിസ്ഥിതിക്ക് പ്രശ്നമാകില്ലേ എന്നുമാണ് ആപ്പിള്‍ വിമര്‍ശകര്‍ ചോദിക്കുന്നത്.
ആപ്പിളിനെപ്പോലെ താരതമ്യേന ഉത്തരവാദിത്വമുണ്ടെന്ന് ഭാവിക്കുന്ന കമ്പനി ചാര്‍ജര്‍ നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അതായിരിക്കില്ലേഏതെങ്കിലും കമ്പനി ചാര്‍ജര്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഭേദമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
ഐഫോണിനെ സ്വയം ചാര്‍ജാകുന്ന വിദ്യ ആപ്പിള്‍ പഠിപ്പിച്ചു വിടുന്നതു വരെ ആരെങ്കിലും നിര്‍മിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചേ മതിയാകൂ എങ്കില്‍ പിന്നെ എന്തിനാണ് ഈ വാചകക്കസര്‍ത്ത് എന്നും ആളുകള്‍ ചോദിക്കുന്നു.
ചാര്‍ജര്‍ നിര്‍മാണം മറ്റാരുടെയെങ്കിലും തലയില്‍കെട്ടിവച്ച് കാര്‍ബണ്‍ എമിഷന്‍ കുറച്ചുവെന്നു കാണിക്കുന്നത് കമ്പനിക്കു നല്ലതായിരിക്കും. എന്നാല്‍ അതുകൊണ്ട് പരിസ്ഥിതിയ്ക്ക് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.