എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഒരുക്കം തുടങ്ങി. സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്.
ഈ സ്ഥിതി തുടർന്നാൽ ആശുപത്രികളിൽ ഐസിയു ബെഡുകൾ ഉൾപ്പെടെയുള്ളവയ്ക്കു ക്ഷാമം ഉണ്ടാകും. സ്വകാര്യ ആശുപത്രികളിൽ അടക്കം കൂടുതൽ ഐസി ബെഡുകൾ തയാറാക്കും. കഴിഞ്ഞ ദിവസം നടത്തിയ കൂട്ട പരിശോധനയുടെ കൂടുതൽ ഫലം ഇനിയും ലഭിക്കാനുണ്ട്.
ഇതു ലഭിക്കുന്നതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുമെന്നു കരുതപ്പെടുന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിക്കുക.
കർഫ്യൂ വന്നേക്കും
കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ സംസ്ഥാനത്തു രാത്രികാല കർഫ്യൂ, പ്രാദേശിക ലോക്ഡൗൺ, വാരാന്ത്യ ലോക്ഡൗൺ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നു. രണ്ടാഴ്ചത്തേക്കു കടുത്ത നിയന്ത്രണം വേണമെന്നു പോലീസും ശിപാർശ നൽകും.
കർശന പരിശോധന
ഇന്നുമുതൽ നിരത്തുകളിലും സംസ്ഥാന അതിർത്തികളിലും പോലീസിന്റെ കർശനമായ പരിശോധന ഉണ്ടാകും. ഇതിനുള്ള നിർദേശം ഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവി മാർക്കും നൽകി. കോവിഡ് നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്താൻ പൊതുജന സഹായം തേടും.
വോട്ടെണ്ണൽ ദിനം
വോട്ടെണ്ണൽ ദിവസമായ മേയ് രണ്ടിനു രാഷ്ട്രീയ പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി വലിയതോതിൽ റോഡിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനെപ്പറ്റിയും സർക്കാർ ആലോചിക്കുന്നുണ്ട്. ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതൃത്വത്തോട് ആവശ്യപ്പെടും. തൃശൂർ പൂരം സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും.
ആരാധനാലയങ്ങളിൽ അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും.
പരീക്ഷ മാറ്റണമെന്നു പ്രതിപക്ഷം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇപ്പോഴും നടക്കുന്നുണ്ട് . ഇതു നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു ഗവർണറെ കാണും.
പരീക്ഷ മാറ്റി വയ്ക്കണമെന്ന ആവശ്യം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തു നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സെക്ട്രൽ മജിസ്ട്രേട്ടുമാർക്കും പോലീസിനും നിർദേശം നൽകിയിരിക്കുന്നത്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.