തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയില്‍ വേനല്‍ മഴയില്‍ നെല്‍കൃഷിക്കുണ്ടായ വ്യാപക നാശവുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകുന്നു. മഴയാകട്ടെ എല്ലാദിവസവും തുടരുന്നതിനാല്‍ ഇനി കൊയ്ത്തു നടത്തേണ്ട പാടശേഖരങ്ങളിലും ആശങ്കയായി. വിളവെത്തിയ നെല്ല് കൂപ്പുകുത്തി കിളിര്‍ത്തു തുടങ്ങി.
നെല്ല് കൊയ്തെടുക്കുവാന്‍ പോലും പല പാടശേഖരങ്ങളിലും കഴിയാത്ത അവസ്ഥയാണുള്ളത്. കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കുന്ന കാര്യത്തിലും ഗുരുതര വീഴ്ചയാണുണ്ടായത്. നെല്ല് സംഭരിക്കുന്ന കമ്പനികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതു തുടരുന്നതായും പരാതിയുണ്ട്.
ഒരു ക്വിന്റല്‍ നെല്ലില്‍ അഞ്ചര കിലോയുടെ കുറവാണ് സംഭരിക്കുന്ന മില്ലുകള്‍ വരുത്തുന്നത്. ഇത് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തുന്നു. ഈ നഷ്ടം നികത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രകൃതിദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആന്റോ ആന്റണി
അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. കൊയ്ത്ത് നടക്കാത്ത പാടശേഖരങ്ങളില്‍ നെല്ല് കിളിര്‍ക്കുന്ന സാഹചര്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി.
ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കൃഷി ഇറക്കിയ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാര്‍ കൃഷി നാശം പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ ഫസല്‍ ഭീമാ യോജന പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷ കര്‍ഷകര്‍ക്കു ലഭിക്കുമെന്ന് എംപി പറഞ്ഞു.
ഇത്തരത്തില്‍ പ്രകൃതി ദുരന്തമായി കൃഷി നാശം പ്രഖ്യാപിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനു നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തോടും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
കൃഷി നാശം ഉണ്ടായ പാടശേഖരങ്ങള്‍ കൃഷി വകുപ്പിലെ ഉന്നത സംഘം നേരിട്ടെത്തി നഷ്ടം തിട്ടപ്പെടുത്തുന്നതിന് തയാറാകണമെന്നും കര്‍ഷകര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കരി ആവശ്യപ്പെട്ടു