കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍.
പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പബ്ലിക് സര്‍വീസ് കമ്മിഷന് അറിയിച്ചു.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിലെ എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ യൂണിവേഴ്സിറ്റി, സാങ്കേതിക, മലയാളം, ആരോഗ്യസര്‍വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.