ഓസ്ലോ (നോർവേ): കോവിഡ് 19 വൈറസ് ചെറിയൊരു പനിപോലെയാണെന്നും മറിച്ചുള്ള വാദങ്ങൾ തട്ടിപ്പാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നയാൾ കോവിഡ് ബാധിച്ചു മരിച്ചു.
ഹാൻസ് ക്രിസ്റ്റ്യൻ ഗാർഡർ ആണ് മരിച്ചത് ഇയാൾക്ക് 60 വയസായിരുന്നു.
ഓസ്ലോയിൽനിന്ന് 40 മൈൽ അകലെ ഗ്രാൻ എന്ന സ്ഥലത്തെ വീട്ടിൽവച്ചായിരുന്നു മരണം.
മാർച്ച് 26, 27 തീയതികളിൽ ഹാൻസ് വീട്ടിൽവച്ച് രണ്ടു പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.
ഒന്നിച്ചു കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ചാണ് പാർട്ടികൾ സംഘടിപ്പിച്ചത്.
ഈ പാർട്ടിയിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധിച്ചെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു.
എന്നാൽ പരിശോധന നടത്തുകയോ രോഗബാധിതനാണെന്ന് പറയുകയോ ചെയ്തില്ല.
കഴിഞ്ഞ ദിവസം ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് മരണകാരണം കോവിഡാണെന്നു വ്യക്തമായത്.
യൂറോപ്പിൽ കോവിഡ് വ്യാപനം ഏറ്റവും കുറവുള്ള രാജ്യമാണ് നോർവേ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഹാൻസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഹാൻസിന്റെ പാർട്ടികളിൽ പങ്കെടുത്തവരെ കണ്ടെത്തി ക്വാറന്റൈനിൽ ആക്കാനുള്ള തത്രപ്പാടിലാണ് അധികൃതർ.