സ്വന്തം ലേഖകന്‍
കോഴിക്കോട് : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില.
രണ്ടാം തരംഗത്തിന് പിന്നാലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇവിടെ കൂട്ടം കൂടുന്നതിനും പുറത്തിറങ്ങുന്നതിനും പുറമേ നിന്നുള്ളവര്‍ എത്തുന്നതിനും യാതൊരു വിലക്കുകളുമില്ല. പലരും സ്വന്തം വാര്‍ഡ് കണ്ടെയ്ന്മെന്റ്് സോണാണെന്ന് അറിയുന്നുപോലുമില്ല.
നേരത്തെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലേക്കുള്ള വഴികളെല്ലാം അടച്ചിടാറുണ്ടായിരുന്നു.
കൂടാതെ ഈ മേഖലകളില്‍ പോലീസ് പിക്കറ്റ് പോസ്റ്റും സ്ഥാപിച്ചിരുന്നു. ഇടക്കിടെ ആരോഗ്യപ്രവര്‍ത്തകരും പോലീസും കണ്ടെയ്ന്മെന്റ് സോണുകളില്‍ പരിശോധനയും നടത്തിയിരുന്നു.
എന്നാല്‍ അതിതീവ്ര വ്യാപനമുള്ള രണ്ടാംഘട്ടത്തില്‍ ഇത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.
കണ്ടെയ്ന്മെന്റ്് സോണുകളില്‍ നിന്നുള്ള വഴികള്‍ ഒരിടത്തും അടച്ചിട്ടില്ല. പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ ഈ മേഖലകളിലുള്ളവര്‍ പുറത്ത് യഥേഷ്ടം ഇടപെടുന്നുണ്ട്.
കൂടാതെ പുറത്തു നിന്നുള്ളവര്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനും യാതൊരു വിലക്കുമില്ല.
സെക്ടറൽ മജിസ്ട്രേറ്റുമാരുടേയും പോലീസിന്റേയും പരിശോധന പോലുമില്ലാത്തതിനാല്‍ മാസ്ക് പോലും ധരിക്കാതെ പുറത്തിറങ്ങുന്നവരും ധാരാളമാണ്.
ഇന്നലെ മാത്രം 24 തദ്ദേശസ്ഥാപനങ്ങളിലെ 36 വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയത്.
അതേസമയം ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമേ അടച്ചിടല്‍ ഉണ്ടാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
മറ്റിടത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. അതേസമയം പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.