മല്ലപ്പള്ളി: വലിയപാലത്തിനോടു ചേര്‍ന്ന് മണിമലയാറിന് കുറുകെയുള്ള മല്ലപ്പള്ളി നടപ്പാലം കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. നടപ്പാലത്തിലേക്ക് കയറുന്ന ഭാഗം കാടുമൂടിയ നിലയിലാണ്. വള്ളിപ്പടര്‍പ്പുകള്‍ മൂടി കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ചുവേണം പാലത്തില്‍ കയറാന്‍.
പാലത്തിലെത്തിയാലോ യാത്ര ഒട്ടും സുരക്ഷിതമല്ല. ഇതില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് തകിട് മിക്കതും വെല്‍ഡിംഗ് വിട്ട് പൊങ്ങിനില്ക്കുന്ന സ്ഥിതിയാണ്. ഈ തകിടില്‍ കാല് തട്ടി അപകടവുമുണ്ടാകാറുണ്ട്.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകിടുകള്‍ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്. ഐഎച്ച്ആര്‍ഡി നിര്‍മല്‍ ജ്യോതി, സിഎംഎസ് സ്കൂളുകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും വില്ലേജ് ഓഫീസില്‍ എത്തുന്നവരും ഉള്‍പ്പെടെ നിരവധി യാത്രികരാണ് സ്ഥിരമായി നടപ്പാലം ഉപയോഗിക്കുന്നത്.
ടൗണില്‍ നിന്നുള്ള യാത്രയില്‍ പാലത്തിന്റെ അവസാന ഭാഗത്താണ് കാട് കയറികിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നടപ്പാലത്തിന്റെയും സംരക്ഷകര്‍. ഇരുമ്പുതകിടിനു പകരം തുരുമ്പെടുക്കാത്ത പാളി ഉപയോഗിച്ച് നടപ്പാലം ബലപ്പെടുത്തണമെന്ന ആവശ്യം താലൂക്ക് വികസന സമിതി ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. പാലത്തിന്റെ വീതിക്കുറവു കാരണം നടപ്പാലം കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദവുമാണ്.