കഴിഞ്ഞ 35 വര്‍ഷമായി മദ്യപിക്കുന്നു ! ദാ കണ്ടില്ലേ പയറു പോലെ നില്‍ക്കുന്നത് ; മദ്യമാണ് കൊറോണയ്ക്കുള്ള യഥാര്‍ഥ മരുന്നെന്ന് മദ്യം വാങ്ങാനെത്തിയ സ്ത്രീ; വീഡിയോ വൈറലാകുന്നു…

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവിടെ ആറു ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകളില്‍ ചിലര്‍ ഓടിയത് മദ്യഷോപ്പുകളിലേക്കായിരുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം.

ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നീണ്ട ക്യൂവായിരുന്നു മദ്യശാലകള്‍ക്കു മുമ്പില്‍ കണ്ടത്.

ഡല്‍ഹിയിലെ ഒരു മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ മധ്യവയസ്‌കയായ സ്ത്രീയായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായത്.

എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് സ്ത്രീ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടിയാണ് നെറ്റിസണ്‍സിനെ ചിരിപ്പിച്ചത്.

ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു സ്ത്രീയുടെ മറുപടി. 35 വര്‍ഷമായി താന്‍ മദ്യപിക്കാറുണ്ടെന്നും ഇതുവരെ ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

വൈറസിനെ ചെറുക്കാന്‍ ഒരു കുത്തിവെപ്പിനും സാധിക്കില്ല, മറിച്ച് മദ്യത്തിന് മാത്രമാണ് കഴിയുകയെന്നും സ്ത്രീ പറയുന്നു. രണ്ട് കുപ്പി മദ്യം വാങ്ങാനാണ് ഇവര്‍ എത്തിയത്.

35 വര്‍ഷമായി മദ്യപിക്കുന്ന തനിക്ക് ഒരു മരുന്നും ഇതുവരെ കഴിക്കേണ്ടി വന്നിട്ടില്ല. മദ്യപിക്കുന്നവരാണ് കോവിഡില്‍ നിന്നും സുരക്ഷിതര്‍ എന്നും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയ്ക്ക് ഇതിനകം 6000 ല്‍ അധികം റീട്വീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്ത്രീയുടെ മറുപടി വച്ച് ട്രോളുകളുടെ ബഹളമാണിപ്പോള്‍.

Related posts

Leave a Comment