പെരുമ്പാവൂർ: അടുത്തിടെ ഇറങ്ങിയ മലയാള സിനിമ “ജോജി’യിലെ രംഗങ്ങൾക്കു സമാനമായ രീതിയിൽ പെരുന്പാവൂർ കുറുപ്പംപടിയിൽ എയർഗൺ ഉപയോഗിച്ചു വെടിവയ്പ്.
തുരുത്തി പുനത്തിൽ കുടി വീട്ടിൽ പി.എൻ. വിഷ്ണു (സന്ദീപ് 25)വിനാണ് വെടിയേറ്റത്.
സംഭവത്തിൽ തുരുത്തിയിൽ തന്നെയുള്ള തുരുത്തിമാലി വീട്ടീൽ കിരൺ ചന്ദ്(23)നെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തത്തുടർന്നാണ് വെടിവയ്പ് നടന്നതെന്നാണ് വിവരം.
“ജോജി’ സിനിമയിൽ ഫഹദ് ഫാസിൽ ചെയ്ത ജോജി എന്ന കഥാപാത്രം ബാബുരാജ് ചെയ്ത കഥാപാത്രമായ ജോമോന്റെ കഴുത്തിൽ വെടിവയ്ക്കുന്നതിനു സമാനമായ രീതിയിൽ എയർ ഗൺ പ്രയോഗിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിനു ശേഷമാണ് സംഭവം. വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു.
കിട്ടാനുളള പണം കിരണിന്റെ വീടിനു സമീപം തുരുത്തിയിൽവച്ചു തിരികെ ചോദിക്കാൻ ചെന്ന വിഷ്ണുവിനെ ചീത്ത വിളിച്ചു ഭീഷണിപ്പെടുത്തിയ ശേഷം എയർഗൺ ഉപയോഗിച്ചു കഴുത്തിൽ വെടിയുതിർത്തെന്നാണ് പരാതി.
പരിക്കേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർഗൺ പോലീസ് കണ്ടെടുത്തു.
വെടി ഉതിർത്ത കിരൺ ടു വീലർ വർക്ക്ഷോപ് നടത്തുകയാണ്. വിഷ്ണുവിനു പെയിന്റിംഗ് ജോലിയാണ്.