പെരുമ്പാവൂർ: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെമിക്കൽ ലാബും ഗോഡൗണും അനധികൃതമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടും വാഴക്കുളം പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ ഉടമയുടെ ബന്ധു രംഗത്ത്.
കഴിഞ്ഞ 10 വർഷത്തിലധികമായി വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയിൽ കോട്ടപ്പുറത്ത് വീട്ടിൽ അഷ്റഫിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ലക്ഷങ്ങൾ വാടകയിനത്തിൽ വാങ്ങി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്.
ഈ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ ബന്ധുവായ വെളേളംവേലി വീട്ടിൽ അബ്ദുൾ ഷുക്കൂറും മാതാവും കേസ് നടത്തിവരികയാണ്. ഇതുസംബന്ധിച്ച് രേഖകൾ അന്വേഷിച്ചപ്പോഴാണ് അനധികൃതമായാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായതെന്ന് ഷുക്കൂർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇങ്ങനെയൊരു വലിയ സ്ഥാപനം ഇത്രയും വർഷം പ്രവർത്തിച്ചത് എന്ത് മാനദണ്ഡത്തിലായിരുന്നൂവെന്ന് പുതിയ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും ഷുക്കൂർ ആരോപിക്കുന്നു.
അനധികൃത കെട്ടിടവും പ്രവർത്തനങ്ങളും അറിഞ്ഞശേഷവും നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകാത്തതാണ് ഇതിന് കാരണമായി ഷുക്കൂർ ചൂണ്ടിക്കാട്ടുന്നത്. സംഭവം പുറംലോകം അറിഞ്ഞതോട ഉടമസ്ഥൻ ഇതിനായി അപേക്ഷ നൽകാനും വ്യാജരേഖകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായും ഇദ്ദേഹം ആരോപിക്കുന്നു.
വർഷങ്ങളായി ഇവിടെ ലക്ഷങ്ങൾ വാടക വാങ്ങി സ്വകാര്യ കമ്പനിയുടെ കെമിക്കൽ ലാബിനും ഗോഡൗണിനും പ്രവർത്തിക്കാൻ അനുവദിച്ചതിന്റെ പേരിൽ ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് സാധാരണക്കാരായതിനാൽ തങ്ങളുടെ ആവശ്യം തളളരുതെന്നും വാർത്താസമ്മേളനത്തിൽ ഓട്ടോറിക്ഷാ ഡ്രൈറായ അബ്ദുൾ ഷുക്കൂർ ആവശ്യപ്പെട്ടു.