മട്ടന്നൂർ: കോടികൾ ചെലവഴിച്ച് മട്ടന്നൂർ നഗരമധ്യത്തിൽ നിർമിച്ച ടൗൺ സ്ക്വയർ പരിപാലനമില്ലാതെ നാശത്തിലേക്ക്. ടൗൺ സ്ക്വയറിൽ നിർമിച്ച പുൽത്തകിടിയും മറ്റും നശിച്ചു കഴിഞ്ഞു. നഗരത്തിലെത്തുന്നവർക്ക് വിശ്രമകേന്ദ്രമായും പൊതുപരിപാടികൾ നടത്താനും ഉദ്ദേശിച്ചാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയർ പണികഴിപ്പിച്ചത്.
കഫ്റ്റീരിയ, ആംഫി തിയേറ്റർ, ശുചിമുറി എന്നിവയൊന്നും പ്രവർത്തനം തുടങ്ങാത്തതിനാൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണവും കുറവാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്ന സമയങ്ങളിൽ പൊതുപരിപാടികളും മറ്റും ഇവിടെ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഐബി വളപ്പിലെ മരങ്ങൾക്കിടയിൽ പ്രകൃതി സൗഹൃദ രീതിയിലാണ് ടൗൺ സ്ക്വയർ നിർമിച്ചിട്ടുള്ളത്.
ടൗൺ സ്ക്വയറിന്റെ നടത്തിപ്പ് ഡിടിപിസി ലേലത്തിലൂടെ കണ്ണൂർ എയർപോർട്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് ലോക്ഡൗൺ ആയതോടെ കഫ്റ്റീരിയയും മറ്റും തുറക്കാൻ കഴിയാതായി. ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഫ്റ്റീരിയയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല.
ഇതിനിടെ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് ഇടിച്ചു താഴ്ത്തതോടെ ടൗൺ സ്ക്വയർ, സബ് ട്രഷറി എന്നിവിടങ്ങളിലേക്കുള്ള വഴി തടസപ്പെട്ടിരുന്നു. റോഡ് ടാറിംഗ് ചെയ്യാത്തതിനാൽ പൊടിശല്യവുമുണ്ട്.എട്ടു വർഷം മുമ്പ് 40 ലക്ഷത്തോളം രൂപ ചെലവിട്ട് ഐബി പരിസരത്ത് പാർക്ക് നിർമിച്ചെങ്കിലും പിന്നീട് കാടുകയറി നശിക്കുകയായിരുന്നു.
നിർമാണം പൂർത്തിയായ പാർക്ക് ഉദ്ഘാടനം ചെയ്യുകയോ ജനങ്ങൾക്ക് തുറന്നു കൊടുക്കുകയോ ചെയ്തിരുന്നില്ല. ഇരിപ്പിടം, നടപ്പാത, ഇന്റർലോക്ക് പാകൽ എന്നിവ നടത്തിയിരുന്നു. പാർക്കിന്റെ സ്ഥിതി ടൗൺ സ്ക്വയറിന് വരാതിരിക്കാൻ കൃത്യമായ പരിപാലനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.