മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ(35)നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സൂബീറ ഫർഹത്തിനെ കാണാതായത് കഴിഞ്ഞ മാസം മാർച്ച് 10നായിരുന്നു. സുബീറയുടെ മൃതദേഹമാണ് അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കൽ ക്വാറിക്ക് സമീപത്തെ പറന്പിൽ നിന്നു കണ്ടെത്തിയത്.
സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നതാണെന്നാണ് സൂചന. സ്വർണത്തിനു വേണ്ടി മാത്രമല്ല കൃത്യം ചെയ്തത് എന്നാണ് നിഗമനം.ചെങ്കൽ ക്വാറിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തിന് അടുത്ത് ആണ് മൃതദേഹം മണ്ണിട്ട് മൂടിയത്.
ഇതിനിടെ പ്രതി നടത്തിയ ഒരു നീക്കം കേസിൽ നിർണായകമായത്. അടുത്ത ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് അല്പം നീങ്ങിയതോടെ ഇയാൾ പ്രദേശത്ത് മണ്ണിടാൻ തീരുമാനിച്ചു. പ്രദേശത്ത് മണ്ണ് മൂടാൻ എത്തിയ ജെസിബി ഡ്രൈവർക്ക് അഴുകിയ ഗന്ധം അനുഭവപ്പെട്ടത് പോലീസിനെ അറിയിച്ചു.
ഉടൻ സ്ഥലത്ത് എത്തിയ പോലീസ് പരിസരം പരിശോധിക്കുകയും മണ്ണിനടിയിൽ മൃതദേഹത്തിന്റെ കാൽ കാണുകയും ചെയ്തു. ഇതോടെ ആണ് അയൽവാസിയായ മുഹമ്മദ് അൻവറിനെ കസ്റ്റഡിയിൽ എടുത്തത്.വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുന്ന സുബീറ ഫർഹത് മാർച്ച് പത്തിനു രാവിലെ ഒന്പതിനു തന്റെ വീട്ടിൽ നിന്നു ജോലിസ്ഥലത്തേക്ക് പോയതായിരുന്നു.
തൊട്ടപ്പുറത്തെ വീട്ടിലെ സിസിടിവിയിൽ ഈ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്. എന്നാൽ ജോലി സ്ഥലത്തെത്തിയില്ലെന്നും ഫോണിൽ ലഭ്യമായില്ലെന്നും ക്ലിനിക്കിലെ ഡോക്ടർ വീട്ടിലേക്ക് വിളിച്ചു പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. തുടർന്നു സുബീറയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് ഫോണ് സ്വിച്ച് ഓഫായി.
യുവതിയിൽ നിന്നു അസ്വാഭാവിക പെരുമാറ്റം ഒന്നും ഉണ്ടായതായിരുന്നില്ലെന്നു ബന്ധുക്കളും വീട്ടുകാരും പറഞ്ഞതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. പരിസര പ്രദേശങ്ങളിലെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ, സുബീറയുടെ ഫോണ് വിശദാംശങ്ങൾ എന്നിവ പോലീസ് ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
പിന്നീട് യുവതിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ് എത്തി. തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം ആണ് കേസ് അന്വേഷിക്കുന്നത്.