കോഴിക്കോട്: കോഴിക്കോട് -ഷൊര്‍ണൂര്‍ പാതയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ . ഇന്ന് രാവിലെ ഏഴോടെയാണ് നാട്ടുകാര്‍ കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സമയം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശവും നല്കി. താത്കാലികമായ വിള്ളലുണ്ടായ ഭാഗത്തെ പാളം കൂട്ടിയിണക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
ഈ മേഖലയിലൂടെ ട്രെയിനിന്റെ വേഗത പരമാവധി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ത്തുടര്‍ന്ന് ഇത്തരത്തില്‍ പാളത്തില്‍ വിള്ളല്‍ സംഭവിക്കാറുണ്ട്.
വിള്ളല്‍ സംഭവിച്ച പാളം പൂര്‍ണമായും നീക്കി പുതിയത് സ്ഥാപിക്കും. ഇന്ന് വൈകിട്ടോടെ മാത്രമേ ഗതഗതം പൂര്‍ണമായും പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് റെയില്‍വേ വിദഗ്ധര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അന്വേഷിക്കുന്നുണ്ട്. നാട്ടുകാര്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്ന് ഫറോക്ക് പോലീസ് അറിയിച്ചു.