കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യയെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ സാധ്യത. വീടും ഭൂമിയും ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ച അരക്കോടിയോളം രൂപയുടെ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രേഖകള്‍ ലഭിച്ച ശേഷം ഭാര്യയെ ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം ഷാജി താമസിക്കുന്ന കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ വിജിലന്‍സ് പൊതുമരാമത്ത് വിഭാഗത്തിനോട് ആവശ്യപ്പെട്ടു. വീടുകളുടെ മൂല്യം കണ്ണക്കാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒരാഴ്ചക്കകം കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അലവില്‍ മണലിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനാണ് അന്വേഷണസംഘം കത്തുനില്കിയത്. നേരത്തെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വിവരങ്ങള്‍ കോഴിക്കോട് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
3000 ചരുത്ര അടിയില്‍ താഴെയുള്ള പ്ലാന്‍ സമര്‍പ്പിച്ചിട്ട് 5420 ചതുരശ്ര അടി വലിലപ്പത്തിലാണ് വീട് നിര്മിച്ചെതന്ന് കണ്ടെത്തിയിരുന്നു. വീടിന് 1.62കോടി വിലമതിക്കുമെന്നാണ് അന്ന് കോര്പ്പറേഷന് അറിയിച്ചിരുന്നത്. ഇക്കാര്യത്തിലുള്‍പ്പെടെ വ്യക്തത വരുത്തി ആസ്തികളില്‍ കൃത്യതയുണ്ടാക്കുന്നതിനാണ് വീടുകളുടെ മൂല്യം കണക്കാക്കുന്നത്.
അതേസമയം വീട്ടിലെ വിലകൂടിയ ഫര്‍ണിച്ചറുകളുടെയും ഗൃഹോപകരണങ്ങളുടെയും ബില്ലുകള്‍ ഉള്‍പ്പെടെ പരിശോധനാവേളയില്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.