അമൃത്സർ: പാക്ക് അതിര്‍ത്തിയിൽനിന്ന് ഇന്ത്യയിലേക്കു പറന്നെത്തിയ പ്രാവിനെതിരേ കേസെടുക്കണെന്ന ആവശ്യവുമായി ബിഎസ്എഫ്.
കഴി ഞ്ഞ ശനിയാഴ്ച അതിർത്തിക്കപ്പുറത്തുനിന്ന് പ്രാവ് റോറവാല പോസ്റ്റിലെ ഒരു ബിഎസ്എഫ് ജവാന്റെ തോളിൽ വന്നിറങ്ങുകയായിരുന്നു.
നന്പർ രേഖപ്പെടുത്തിയ ചെറിയൊരു പേപ്പർ കഷണവും പ്രാവിന്റെ കാലിൽ ചുറ്റിവച്ച നിലയിലായിരുന്നു.
ഇതേത്തുടർന്നു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പ്രാവിനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി, കേസെടുക്കണെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഒരു പക്ഷിക്കെതിരേ എങ്ങനെ കേസെടുക്കാനാകുമെന്ന സംശയത്തിലാണു തങ്ങളെന്നു എസ്പി ദ്രുവ് ദഹിയ പറഞ്ഞു.
കേസെടുക്കാനാവില്ലെന്നാണു കരുതുന്നതെങ്കിലും പ്രശ്നത്തിൽ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാവിന്റെ കാലിൽ കണ്ടെത്തിയ പേപ്പർ കഷണത്തിലെ നന്പർ എന്താണെന്ന് വിശകലനം ചെയ്തുവരികയാണ്.
ചാരപ്രവർത്തനമെന്നു സംശയിക്കുന്ന തരത്തിൽ നേരത്തെയും അതിർത്തി കടന്ന് പ്രാവുകൾ എത്താറുണ്ടെങ്കിലും കേസെടുക്കാനുള്ള നീക്കം ആദ്യമാണ്.