സ്വന്തം ലേഖകൻ
തൃശൂർ: കാത്തുനിൽക്കുന്നതിനിടെ ഒരു നിമിഷം ശ്രദ്ധ പാളിയ നേരത്ത് ആ കുഴിമിന്നലിനു തീ കൊളുത്തിക്കഴിഞ്ഞിരുന്നു. ദേ പോണൂ എന്നാരോ വിളിച്ചു പറയുന്പോഴാണു തേക്കിൻകാടിന്റെ ആകാശത്തേക്കു നോക്കിയത്.
അപ്പോഴേക്കും ആ കുഴിമിന്നൽ പൊട്ടിമിന്നി തീർന്നിരുന്നു. അതെ, തിരുവന്പാടിയുടെ സാന്പിൾ കഴിഞ്ഞു. വിശ്വസിക്കാൻ കഴിഞ്ഞില്ല… ഇങ്ങനെയും ഒരു സാന്പിളോ….
അടുത്തതായി പാറമേക്കാവ് തൊടുത്തുവിടുന്ന കുഴിമിന്നലെങ്കിലും കാണാതിരിക്കണ്ട എന്നു കരുതി ചുറ്റിലും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ തേക്കിൻകാടിന്റെ അപ്പുറത്തേക്കു നോക്കി നിന്നു…
കത്തിക്കാൻ വൈകുമോ എന്ന പതിവു ചിന്തയ്ക്കു മുകളിലേക്കു രണ്ടു മിനിട്ട് കഴിയുന്പോഴേക്കും കുഴിമിന്നൽ കുതിച്ചുപാഞ്ഞ് പൊട്ടിച്ചിതറി. ദാ… പാറമേക്കാവിന്റെ സാന്പിളും കഴിഞ്ഞു.
ഇനി സാന്പിൾ കാണണമെങ്കിൽ ഒരു കൊല്ലം കാത്തിരിക്കണം…
ചരിത്രം കുറിച്ച സാന്പിളിന് സാക്ഷിയാകാൻ വൻ തിരക്കൊന്നും നഗരത്തിലുണ്ടായില്ല. തൃശൂർ നഗരം അതിന്റെ പതിവു സന്ധ്യാശോഭയിൽ വാഹനങ്ങളാലും ആളുകളാലും ചുറ്റപ്പെട്ടു കിടന്നു.
വാഹനങ്ങളിൽ റൗണ്ടു ചുറ്റുന്നവർ പ്രഭ പൊഴിക്കുന്ന പന്തലുകൾ കണ്ട് സ്വയം പറഞ്ഞു – ഇന്ന് സാന്പിളാണ്… ഈ വഴിക്ക് കടക്കാൻ പറ്റാറുണ്ടോ… ഇന്നു നോക്ക്യേ…
ഇടറോഡിൽ നിന്നും റൗണ്ടിലേക്കു കയറി വന്നവർ നടന്നു പോകുന്നവരോടും റോഡരികിൽ നിൽക്കുന്നവരോടും ചോദിക്കുന്നതു കേട്ടു - സാന്പിള്‍ കഴിഞ്ഞാ…
നിമിഷനേരമേ വേണ്ടി വന്നുള്ളു സാന്പിൾ വെടിക്കെട്ട് പൂർണമാകാൻ.
നഗരത്തിലേക്കു വരാതെ നഗരപരിധിയിലുള്ളവർ ഫ്ലാറ്റുകളിലെ ടെറസിൽ നിന്ന് സാന്പിൾ നോക്കി. കണ്ടു എന്നു പറയാൻ പലർക്കുമായില്ല.
അഞ്ചാറ് അമിട്ടെങ്കിലും പൊട്ടിക്ക്യായിരുന്നു എന്നു വിഷമത്തോടെ പറഞ്ഞ വെടിക്കെട്ടു കന്പക്കാരെ നഗരത്തിൽ കണ്ടു.
അടുത്ത വർഷം സാന്പിള്‍ പൊരിക്കും… ഇത്തവണത്തേംകൂടി ചേർത്ത് പൊരിപൊരിക്കും…. കൂട്ടത്തിലൊരാൾ തറപ്പിച്ചു പറയുന്നുണ്ടായിരുന്നു.
പൂലർച്ചെ വെടിക്കെട്ടിന് ആളുകളെ റൗണ്ടിലേക്കും പരിസരത്തേക്കും കടത്തില്ലെന്ന തീരുമാനവും വെടിക്കെട്ട് കന്പക്കാർ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
സാന്പിളും കണ്ട് തിരിച്ചുനടക്കുന്പോൾ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞുകൊണ്ടിരുന്നതു പോയകാല സാന്പിളുകളെക്കുറിച്ചായിരുന്നു.
രണ്ടാമത് കൊളുത്താനുള്ളവർ വല്ലാതെ വൈകുന്പോൾ കമന്റു പറയാറുള്ളതും പൊട്ടിക്കടാ എന്നുറക്കെ വിളിച്ചു പറയാറുള്ളതും തീ വേണോ എന്ന് ചോദിച്ച് കളിയാക്കാറുള്ളതും… കടലാസ് വിരിച്ച് റൗണ്ടിലിരിക്കാറുള്ളതും… നഗരം നടന്നുവലംവച്ച് പന്തലുകണ്ട് തേക്കിൻകാട്ടിൽ മേയാറുള്ളതുമൊക്കെ പലരും ഓർത്തു പറയുന്നുണ്ടായിരുന്നു.
സാന്പിളിൽ ഇത്തവണ നഗരം കുലുങ്ങിയില്ല. ആർക്കും ചെവി പൊത്തേണ്ടി വന്നില്ല. ഗന്ധകത്തിന്റെ ഗന്ധമില്ലാതെ തൃശൂർ നഗരം നിദ്രയിലേക്കാണ്ടു…പൂരനാൾ സ്വപ്നം കണ്ടുകൊണ്ട്…