ലണ്ടൻ: പണക്കൊതിയന്മാരായ മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ എന്ന് അടിവരയിട്ട് ആരാധകർ നടത്തിയ വിപ്ലവം വിജയിച്ചു. ഇതോടെ യൂറോപ്പിലെ 12 വന്പൻ ക്ലബ്ബുകൾ ചേർന്ന് ആരംഭിക്കാനിരുന്ന യൂറോപ്യൻ സൂപ്പർ ലീഗ് (യുഎസ്എൽ) അകാലത്തിൽ പൊലിഞ്ഞു.
ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട്, ചൊവ്വാഴ്ച രാത്രിയോടെ നിശ്ചലമായ കടലാസ് ലീഗ് മാത്രമായി യുഎസ്എൽ. വെറും 48 മണിക്കൂർ ആയുസ് മാത്രമാണു യൂറോപ്യൻ സൂപ്പർ ലീഗിനുണ്ടായുള്ളൂ.
ബിഗ് സിക്സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ആറ് ക്ലബ്ബുകൾ (മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടനം, ചെൽസി) ലീഗിൽനിന്നു പിന്മാറിയതോടെയാണ് യുഎസ്എൽ അകാലത്തിൽ പൊലിഞ്ഞത്.
ആരാധകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബുകളുടെ പിന്മാറ്റം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം യൂറോപ്യൻ സൂപ്പർ ലീഗിനെതിരേ രംഗത്തെത്തിയിരുന്നു, ഒപ്പം ഡേവിഡ് ബെക്കാം അടക്കമുള്ള ഫുട്ബോൾ മുൻ താരങ്ങളും.
യു ടേണ്‍
യുവേഫ ചാന്പ്യൻസ് ലീഗിനു ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച 12 ക്ലബ്ബുകളിൽ ആദ്യം യു ടേണ്‍ അടിച്ചത് ഇംഗ്ലണ്ടിൽനിന്നുള്ള ആറു ടീമുകളായിരുന്നു. അതിൽത്തന്നെ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു തങ്ങൾ യൂറോപ്യൻ സൂപ്പർ ലീഗിൽനിന്നു പിന്മാറുന്നതായി ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ട് ആഴ്സണലിന്റെ പത്രക്കുറിപ്പ്.
തുടർന്ന് ലിവർപൂളും ടോട്ടനവും മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങൾ സൂപ്പർ ലീഗിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അവസാനമായി ചെൽസിയും തങ്ങളുടെ പിന്മാറ്റം അറിയിച്ചു. ചെൽസി ആയിരുന്നു സൂപ്പർ ലീഗിൽനിന്നു പിന്മാറാനുള്ള തീരുമാനം ആദ്യം മുന്നോട്ടുവച്ചത്.
ബിഗ് സിക്സിനു പിന്നാലെ…
ബിഗ് സിക്സ് ക്ലബ്ബുകൾ സൂപ്പർ ലീഗിൽനിന്നു പിന്മാറ്റം അറിയിച്ചതിനുപിന്നാലെ ലീഗിന്റെ പ്രഖ്യാപനത്തിലുൾപ്പെട്ട നാലു ടീമുകൾകൂടി പുറത്തേക്കു നടന്നു. ഇറ്റാലിയൻ ക്ലബ്ബുകളായ ഇന്റർ മിലാനും എസി മിലാനുമാണ് യുഎസ്എലിൽനിന്നു പിന്മാറം ആദ്യം അറിയിച്ചത്.
യുഎസ്എൽ സ്ഥാപകരായ 12 ക്ലബ്ബുകളിൽ ഉൾപ്പെട്ട സ്പാനിഷ് ക്ലബ്ബുകളായ അത്ലലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും പിന്മാറുമെന്നാണു സൂചന. അത്ലറ്റിക്കോ പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. ബാഴ്സ പിന്മാറുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണെന്നാണു റിപ്പോർട്ട്.
റയൽ, യുവന്റസ്
സൂപ്പർ ലീഗ് സ്ഥാപകരായ 12 ക്ലബ്ബുകളിൽ ബാക്കിയുള്ളത് സ്പെയിനിൽനിന്നുള്ള റയൽ മാഡ്രിഡും ഇറ്റലിയിൽനിന്നുള്ള യുവന്റസും മാത്രമാണ്. യുവന്റസ് പ്രസിഡന്റായ ആന്ദ്രെ ആഗ്നെല്ലിയാണു സൂപ്പർ ലീഗിന്റെ വൈസ് ചെയർമാൻ. റയൽ മാഡ്രിഡിന്റെ പ്രസിഡന്റായ ഫ്ളോറന്റീനോ പെരെസ് ആണു സൂപ്പർ ലീഗിന്റെ ചെയർമാൻ.
‘യു വിൽ നെവർ വാക്ക് എലോണ്‍’
യു വിൽ നെവർ വാക്ക് എലോണ്‍ (നിങ്ങൾക്ക് ഒരിക്കലും ഒറ്റയ്ക്ക് നടക്കേണ്ടിവരില്ല) ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ആപ്തവാക്യമാണിത്. ആരാധകരും ക്ലബ്ബും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച്, 48 മണിക്കൂർ ഈ ആപ്തവാക്യം വിസ്മരിച്ചെങ്കിലും ക്ലബ് തിരിച്ചെത്തി ആരാധകർക്കൊപ്പം ചേർന്നു. യൂറോപ്യൻ സൂപ്പർ ലീഗിൽനിന്നുള്ള പിന്മാറ്റം അറിയിച്ചുകൊണ്ട് ലിവർപൂൾ ക്യാപ്റ്റൻ ജോർഡാൻ ഹെൻഡേഴ്സന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:
ഞങ്ങൾക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു, അത് സംഭവിക്കണമെന്ന് ആഗ്രഹവുമില്ലായിരുന്നു. ഇത് ഞങ്ങളുടെ (കളിക്കാരുടെ മുഴുവൻ) ഏകാഭിപ്രായമാണ്. ഈ ക്ലബ്ബിനോടും ആരാധകരോടും ഞങ്ങൾക്കുള്ള പ്രതിബദ്ധത നിരുപാധികമാണ്.