സ്വന്തം ലേഖകൻ
തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ സൈബർ സെൽ റിപ്പോർട്ട് നിർണായകം.
കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം.
നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവെ കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഏഴു പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് പ്രാദേശിക നേതാക്കളുടെ പങ്കുൾപ്പെടെ ചില വിലപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്.
ചില നേതാക്കളുമായി പ്രതികൾ ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സൈബർസെൽ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതിസ്ഥാനത്തെത്തുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശികനേതാക്കളെ മർദിച്ചതിന്റെ വിരോധത്തിൽ ഏതെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി.
കൈയും കാലും തല്ലിയൊടിക്കുക മാത്രമായിരുന്നു പദ്ധതി. ഇതിനായുള്ള ആയുധങ്ങളാണ് കരുതിയിരുന്നത്. മൻസൂറിന്റെ സഹോദരൻ മുഹസിനെയാണ് കിട്ടിയത്.
എന്നാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ആളുകൾ കൂടിയപ്പോൾ ഭയപ്പെടുത്താൻവേണ്ടി ഒതയോത്ത് വിപിൻ എന്ന പ്രതി ബോംബെറിയുകയായിരുന്നു.
ഭയപ്പെടുത്തുക മാത്രമായിരുന്നു ബോംബേറിന്റെ ലക്ഷ്യം. പക്ഷേ കൈവിട്ടുപോയി …. പ്രതികൾ പോലീസിനോട് പറഞ്ഞു.
കസ്റ്റഡിയിലുള്ള ഏഴു പ്രതികളെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. തെരഞ്ഞെടുപ്പ് ദിനമായ ആറിന് രാത്രി എട്ടരയോടെയാണ് മൻസൂർ കൊല്ലപ്പെട്ടത്.