ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കാൻ തീരുമാനിച്ചു. കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ മേയ് 10ന് ശേഷം തുറക്കും. ആലപ്പുഴ ജില്ല കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.
കനകാശേരി ബണ്ടിന്റെ ഭാഗത്തെ ജലത്തിന്റെ അളവ് പരിശോധിച്ച് ആലപ്പുഴ ഭാഗത്തെ മറ്റു ഷട്ടറുകൾ കൂടി തുറക്കും. ജലത്തിലെ ലവണാംശം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
കൃഷിയെ ബാധിക്കുംവിധം ലവണാംശം ഉയർന്നാൽ ബണ്ടിന്റെ ഷട്ടറുകൾ റഗുലേറ്റ് ചെയ്യുന്നതിന് കളക്ടറെ ചുമതലപ്പെടുത്തി. ആലപ്പുഴ എ.ഡി.എം. അലക്സ് ജോസഫ്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.