അഞ്ചല്‍: ഏരൂര്‍ ഭാരതീപുരം പള്ളി മേലേതില്‍ വീട്ടില്‍ ഷാജി പീറ്റര്‍ എന്നയാളെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ റിമാൻഡിലായ സഹോദരന് സജിന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഇതിനായി ഇന്നോ നാളെയോ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുക, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് കണ്ടെത്തുക, കൊലപാതകം ആസൂത്രിതമാണോ എന്ന് പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇപ്പോള്‍ അന്വേഷണ സംഘത്തിനുമുന്നിലുള്ളത്.
രണ്ടര വര്‍ഷം മുമ്പ് നടന്ന കൊലപാതകം ആയതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുക പ്രയാസകരമാണ്.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏരൂര്‍ പോലീസ്.
കഴിഞ്ഞ ദിവസം മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച ചാക്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ക്കൊപ്പം ചെരുപ്പ്, കൊന്ത, കുരിശ്, മെമ്മറി കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഷാജിയുടെ തന്നെയാണോ എന്നുള്ള പരിശോധനയും നടത്തും.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഇവയും മൃതദേഹത്തോടൊപ്പം കുഴിച്ചുമൂടി എന്നാണ് പോലീസ് നിഗമനം.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കു.
അതേസമയം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹ അവശിഷ്ടങ്ങളില്‍ പരിശോധന വേഗത്തിലാക്കി അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ് പോലീസ്.
പുനലൂര്‍ ഡിവൈഎസ്പി എംഎസ് സന്തോഷിന്റെ നേതൃത്വത്തില്‍ ഏരൂര്‍ പോലീസാണ് ഷാജി കൊലക്കേസ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ട ഷാജിയുടെ സഹോദരന് സജിന്‍ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരുടെ അറസ്റ്റ് ഏരൂര്‍ പോലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ രേഖപ്പെടുത്തി.
ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പും നടത്തിയ പോലീസ് ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്റ് ചെയ്തു.